ബാഴ്‌സലോണയിലെ ആദ്യ കാലങ്ങളില്‍ നിരവധി ഇതിഹാസ താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ മെസിക്ക് അവസരം ലഭിച്ചിരുന്നു. റൊണാള്‍ഡീഞ്ഞോ, സാമുവല്‍ എറ്റു അടക്കം നിരവധി താരങ്ങള്‍ക്കൊപ്പം ഡ്രസ്സിങ് റൂം പങ്കിടാന്‍ ടീനേജ് മെസിക്ക് സാധിച്ചിരുന്നു.
ഇപ്പോല്‍ മെസിക്കൊപ്പം കളിച്ച അനുഭവത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകന് കാമറൂണ്‍ ലെജന്‍ഡ് സാമുവല്‍ എറ്റു നല്‍കിയ മറുപടി വീണ്ടും ചര്‍ച്ചയാവുകയാണ്.
താന്‍ മെസിക്കൊപ്പമല്ല, മെസി തനിക്കൊപ്പമാണ് കളിച്ചതെന്നും ഇത് രണ്ടും തമ്മില്‍ വ്യത്യാസമുണ്ടെന്നും എറ്റു പറഞ്ഞു. 2021ല്‍ ഒരു വാര്‍ത്താ സമ്മേളനത്തിലാണ് ബ്രസീല്‍ ലെജന്‍ഡ് മാധ്യമപ്രവര്‍ത്തകനോട് കയര്‍ത്തത്.
‘മെസി എനിക്കൊപ്പം കളിച്ചു. അതാണ് ശരി. ഞാന്‍ മെസിക്കൊപ്പമല്ല കളിച്ചത്. രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. ഞാനായിരുന്നു ക്ലബ്ബില്‍ സീനിയര്‍. മെസിയെക്കാള്‍ ബഹുമാനം എനിക്കാണ് ലഭിക്കേണ്ടത്,’ എന്നായിരുന്നു എറ്റു പറഞ്ഞത്.
കളിക്കളത്തിനകത്തും പുറത്തും മെസിയുമായി ഒരുപോലെ മികച്ച ബന്ധം പുലര്‍ത്തിയിരുന്ന താരമാണ് എറ്റു എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. മെസിയുടെ നേട്ടങ്ങളില്‍ അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് കാമറൂണ്‍ ഇതിഹാസം.
ഗോട്ട് ഡിബേറ്റിലും അദ്ദേഹം മെസിക്കൊപ്പമായിരുന്നു. ലോകത്തെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് മെസിയെന്നും ക്രിസ്റ്റിയാനോയെക്കാള്‍ മികച്ച താരം ലിയോ ആണെന്നും എറ്റു നേരത്തെ പറഞ്ഞിരുന്നു.
മെസിയും എറ്റുവും ബാഴ്സലോണയില്‍ 105 മത്സരങ്ങളില്‍ ഒന്നിച്ച് കളത്തിലിറങ്ങുകയും 24 ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് എറ്റു ഇന്റര്‍ മിലാനിലേക്ക് ചേക്കേറുകയായിരുന്നു.