റൊണാള്‍ഡോയും മെസിയും ഒരിക്കല്‍ പോലും അത് അംഗീകരിച്ച് തരില്ല; മെസിയെ മികച്ച താരമാക്കാന്‍ റൊണാള്‍ഡോ നടത്തിയ നീക്കത്തെ കുറിച്ച് സാവി
Football
റൊണാള്‍ഡോയും മെസിയും ഒരിക്കല്‍ പോലും അത് അംഗീകരിച്ച് തരില്ല; മെസിയെ മികച്ച താരമാക്കാന്‍ റൊണാള്‍ഡോ നടത്തിയ നീക്കത്തെ കുറിച്ച് സാവി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st October 2022, 9:00 pm

മോഡേണ്‍ ഡേ ഫുട്‌ബോളില്‍ പകരം വെക്കാനില്ലാത്ത താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. കഴിഞ്ഞ കാലങ്ങളില്‍ ഈ രണ്ടുപേരെയും ചുറ്റിപ്പറ്റിയാണ് ഫുട്‌ബോള്‍ കറങ്ങിക്കൊണ്ടിരുന്നത്.

മെസിയും റൊണാള്‍ഡോയും മികച്ച താരങ്ങളാണ് എന്ന കാര്യം ആരും തന്നെ സമ്മതിക്കും. എന്നാല്‍ മെസിയോ റൊണാള്‍ഡോയോ എന്ന ചോദ്യം ഉടലെടുക്കുമ്പോഴാണ് ലോകം തന്നെ രണ്ട് ചേരിയിലാകുന്നത്.

പരസ്പരം മത്സരിച്ചും നേടിയും നഷ്ടപ്പെടുത്തിയുമാണ് ഇരുവരും ഫുട്‌ബോളിന്റെ അത്യുന്നതങ്ങളില്‍ വിരാജിക്കുന്നത്. പോയ കാലങ്ങളില്‍ ഇവര്‍ നേടിയ നേട്ടങ്ങള്‍ കാലങ്ങളോളം തകരാതെ തുടരും.

12 ബാലണ്‍ ഡി ഓറും ഒമ്പത് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളുമാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയിട്ടുള്ളത്. ബാലണ്‍ ഡി ഓറിന്റെ എണ്ണത്തില്‍ മെസി റൊണാള്‍ഡോയെ കവച്ചുവെക്കുമ്പോള്‍ ചാമ്പ്യന്‍സ് ലീഗ് ട്രോഫികളുടെ എണ്ണത്തില്‍ പറങ്കികളുടെ പടനായകനാണ് മുന്നില്‍. റൊണാള്‍ഡോ അഞ്ചും മെസി നാലും ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളാണ് ടീമിനെ ചൂടിച്ചത്.

 

ഏറ്റവും മികച്ച താരമാകാന്‍ ഇവരെന്നും പരസ്പരം മത്സരിക്കാറുണ്ട്. എന്നാല്‍ ലയണല്‍ മെസിയെ മികച്ച താരമാക്കാന്‍ ക്രിസ്റ്റ്യാനോ നടത്തിയ നീക്കത്തെ കുറിച്ച് സംസാരിക്കുകയാണ് ബാഴ്‌സലോണയുടെ മുന്‍ സൂപ്പര്‍ താരവും നിലവിലെ പരിശീലകനുമായ സാവി.

മെസിയുടെ ബെസ്റ്റ് തന്നെ പുറത്തെടുക്കാന്‍ റൊണാള്‍ഡോ എങ്ങനെയാണ് അര്‍ജന്റൈന്‍ ടോര്‍പ്പിഡോയെ സഹായിച്ചത് എന്നാണ് സാവി പറയുന്നത്.

ബി.ബി.സിയുടെ ‘മെസി ദ എനിഗ്മ’ എന്ന ഡോക്യുമെന്ററിയിലായിരുന്നു സാവി ഇക്കാര്യം പറഞ്ഞത്.

‘മികച്ച താരമാകാന്‍ ക്രിസ്റ്റ്യാനോ മെസിക്ക് ഒരു എക്‌സ്ട്രാ പുഷ് നല്‍കിയിട്ടുണ്ടായിരുന്നു. ക്രിസ്റ്റ്യാനോയും മെസിയും ഒരു പക്ഷേ ഇത് അംഗീകരിച്ച് തരില്ല.

അവര്‍ പരസ്പരം ശ്രദ്ധിക്കാറുണ്ട് എന്ന കാര്യത്തില്‍ എനിക്ക് വ്യക്തമായ ബോധ്യമുണ്ട്. നിങ്ങള്‍ മത്സര ബുദ്ധിയോടെ കളിക്കുന്നവനാണെങ്കില്‍ നിങ്ങള്‍ ദി ബെസ്റ്റ് തന്നെ ആവാന്‍ പരിശ്രമിക്കും,’ സാവി പറയുന്നു.

അതേസമയം, ഖത്തറില്‍ നടക്കുന്ന ലോകകപ്പ് നേടാനുള്ള പരിശ്രമത്തിലാണ് മെസിയും റൊണാള്‍ഡോയും. കരിയറില്‍ ഒരിക്കല്‍ പോലും മുത്തമിടാന്‍ സാധിക്കാത്ത ആ ലോകകിരീടം തങ്ങളുടെ അവസാന ലോകകപ്പ് വേദിയില്‍ സ്വന്തം രാജ്യത്തെ ചൂടിക്കാന്‍ തന്നെയാകും മെസിയും റോണോയും ഒരുങ്ങുന്നത്.

 

Content highlight: Barcelona coach Xavi about Cristiano Ronaldo and Lionel Messi