കൊച്ചി: താരങ്ങള്‍ മാറി വന്നെങ്കിലും നാലു കൊല്ലം കഴിയുമ്പോള്‍ ഐ.എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന് പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടായിട്ടില്ല. ഗോള്‍ വരള്‍ച്ചയും സ്ഥിരതയില്ലായ്മയും മറികടക്കാന്‍ കൊമ്പന്മാര്‍ക്ക് സാധിച്ചിട്ടില്ല. ഇത്തവണ ഏറെ കൊട്ടിഘോഷിച്ചു കൊണ്ടു വന്ന താരമാണ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ ദിമിതര്‍ ബര്‍ബറ്റോവ്. എന്നാല്‍ താരത്തിന് നാളിതുവരെ ഹൈപ്പിന് ഒത്ത് ഉയരാന്‍ സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം.
ഇതിനേക്കാള്‍ രൂക്ഷമാണ് ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പിലെ പ്രശ്‌നങ്ങളെന്നാണ് റിപ്പോര്‍ട്ട്. ബര്‍ബറ്റോവും മറ്റ് താരങ്ങളുമായി സ്വരച്ചേര്‍ച്ചയില്ലല്ലെന്നും ബര്‍ബറ്റോവ് മറ്റുള്ളവരോട് നന്നായി ഇടപെടാറില്ലെന്നുമാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.
ടീം സ്റ്റാഫുകളോടോ, ടീം അംഗങ്ങളോടെ പരിശീലന സമയത്ത് അല്ലാതെ സംസാരിക്കുന്നില്ലെന്നാണ് ബാര്‍ബറ്റോവിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. കൂടാതെ താരത്തിന് “സൂപ്പര്‍ താര സിന്‍ഡ്രോം” ബാധിച്ചിരിക്കുകയാണെന്നും അതുകാരണം ടീം മീറ്റിംഗുകളും മറ്റും ഒഴിവാക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സഹതാരങ്ങളുമായി ബന്ധം ഉണ്ടാക്കാന്‍ കഴിയാത്തതാണ് ബര്‍ബറ്റോവിന്റെ പ്രകടനം മോശമാകാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒത്തിണക്കം ഇല്ലാത്തത് ടീമിനെ നന്നായി, പ്രത്യേകിച്ചും മിഡ് ഫീല്‍ഡില്‍ ബാധിക്കുന്നുമുണ്ട്. താരത്തിനെതിരെ ടീം മാനേജുമെന്റിലൊരാള്‍ അധികൃതരെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത്തരത്തിലൊരു സംഭവം ഇല്ലെന്നാണ് നായകന്‍ സന്ദേശ് ജിങ്കാന്‍ പറഞ്ഞത്. അതേസമയം, ബര്‍ബറ്റേവിനെ പ്രായം തളര്‍ത്തുന്നുണ്ട് എന്നു തുറന്ന പറയാന്‍ കോച്ച് മ്യൂലസ്റ്റീന്‍ തയ്യാറായിരുന്നു.