ബംഗ്ലാദേശും പാകിസ്ഥാനും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിങ്സ് റാവല്‍പിണ്ടിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത ബംഗ്ലാദേശ് 565 റണ്‍സാണ് ഉയര്‍ത്തിയത്.
എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് വമ്പന്‍ തിരിച്ചടിയാണ് ബംഗ്ലാദേശ് ബൗളര്‍മാര്‍ നല്‍കിയത്. വെറും 146 റണ്‍സിനാണ് പാകിസ്ഥാനെ ബംഗ്ലാ ബൗളര്‍മാര്‍ തറ പറ്റിച്ചത്. ഇതോടെ 29 റണ്‍സിന്റെ ലീഡ് മാത്രമാണ് പാകിസ്ഥാന് നേടാന്‍ സാധിച്ചത്. നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് 30 റണ്‍സ് നേടിയാല്‍ ആദ്യ ടെസ്റ്റില്‍ വമ്പന്‍ വിജയം സ്വന്തമാക്കാനുള്ള അവസരമാണ് മുന്നിലുള്ളത്.
രണ്ടാം ഇന്നിങ്‌സില്‍ പാകിസ്ഥാന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ മാത്രമാണ്. ആദ്യ ഇന്നിങ്‌സില്‍ 171 റണ്‍സിന്റെ മിന്നും പ്രകടനം താരം കാഴ്ചവെച്ചിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ പാക് ഓപ്പണര്‍ അബ്ദുള്ള ഷഫാഖ് 37 റണ്‍സും നേടിയിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ പൂജ്യം റണ്‍സിന് പുറത്തായ ബാബര്‍ അസം 22 റണ്‍സിനാണ് പുറത്തായത്. ടീമിലെ ഏഴ് താരങ്ങളാണ് രണ്ടക്കം കടക്കാന്‍ സാധിക്കാതെ കൂടാരം കയറിയത്. മറ്റാര്‍ക്കും തന്നെ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.
ബംഗ്ലാദേശിന്റ തകര്‍പ്പന്‍ ബൗളിങ്ങാണ് പാകിസ്ഥാനെ അടിമുടി തകര്‍ത്തത്. മെഹ്ദി ഹസന്റെ തകര്‍പ്പന്‍ സ്പിന്നില്‍ നാല് വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടപ്പെട്ടത്. 11.5 ഓവറില്‍ 21 റണ്‍സ് വഴങ്ങിയാണ് താരം വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 1.77 എക്കണോമിയാണ് താരത്തിനുള്ളത്. ഷാക്കിബ് അല്‍ ഹസന്‍ മൂന്ന് വിക്കറ്റും ഷൊരീഫുള്‍ ഇസ്‌ലാം, ഹസന്‍ മുഹമ്മദ്, നാഹിദ് റാണ എന്നിവര്‍ ഓരോ വിക്കറ്റും നേടി.