ധാക്ക: ബംഗ്ലാദേശില്‍ സര്‍ക്കാര്‍ ജോലികള്‍ക്കുള്ള സംവരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കനക്കുന്നതിനിടെ രാജ്യവ്യാപകമായി അടച്ചുപൂട്ടലിന് ആഹ്വാനം ചെയ്ത് സമരക്കാര്‍. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുമെന്ന് പ്രതിഷേധക്കാരെ ഉദ്ധരിച്ചുകൊണ്ട് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യവ്യാപക പ്രതിഷേധത്തിനിടെ ഈ ആഴ്ച ഏറ്റുമുട്ടലില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യം സ്തംഭിപ്പിക്കുമെന്ന് പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ചത്.
സമ്പൂര്‍ണ അടച്ചുപൂട്ടലിനുള്ള പദ്ധതികളുമായി തങ്ങള്‍ മുന്നോട്ട് പോകുമെന്ന് പ്രതിഷേധ കോര്‍ഡിനേറ്റര്‍ നഹിദ് ഇസ്‌ലാം പറഞ്ഞു. ആശുപത്രികളും അടിയന്തര സേവനങ്ങളും മാത്രമേ പ്രവര്‍ത്തനക്ഷമമായി തുടരുകയുള്ളുവെന്നും ആംബുലന്‍സുകളെ മാത്രമേ റോഡിലൂടെ ഓടാന്‍ അനുവദിക്കുള്ളുവെന്നും നഹിദ് ഇസ്‌ലാം കൂട്ടിച്ചേര്‍ത്തു.
170 ദശലക്ഷത്തോളം വരുന്ന മൊത്തം ജനസംഖ്യയില്‍ ഏകദേശം 32 ദശലക്ഷത്തോളം ആളുകള്‍ ജോലിയോ വിദ്യാഭ്യാസമോ ഇല്ലാത്തവരായ യുവാക്കളാണെന്ന് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. 1971ലെ സ്വാതന്ത്ര്യസമരത്തിലെ വിമുക്തഭടന്മാരുടെ കുടുംബങ്ങള്‍ക്കുള്ള 30 ശതമാനം സംവരണത്തിന്റെ ക്വാട്ട നിര്‍ത്തലാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
കഴിഞ്ഞ ദിവസങ്ങളില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാരും പൊലീസും ഭരണകക്ഷിയായ അവാമി ലീഗ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തിലെ അംഗങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് തീരുമാനം.
പ്രതിഷേധങ്ങള്‍ക്കിടെ സ്‌കൂളുകളും സര്‍വകലാശാലകളും അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഉത്തരവിട്ടിരുന്നു. കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മിറ്റി രൂപീകരിക്കുമെന്നും ഉത്തരവില്‍ കൂട്ടിച്ചേര്‍ത്തു. ജൂലൈ ആദ്യ വാരം മുതലാണ് ബംഗ്ലാദേശിലുടനീളമുള്ള യൂണിവേഴ്‌സിറ്റി കാമ്പസുകള്‍ പ്രതിഷേങ്ങള്‍ ആരംഭിച്ചത്.
Content Highlight: Bangladesh job quota protesters call for nationwide shutdown