Advertisement
India
കര്‍ണാടകയിലെ അക്രമം: മരണസംഖ്യ മൂന്നായി; അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് യെദിയൂരപ്പ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Aug 12, 04:51 am
Wednesday, 12th August 2020, 10:21 am

ബെംഗളൂരു: കോണ്‍ഗ്രസ് എം.എല്‍.എയുടെ ബന്ധു ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത കാര്‍ട്ടൂണ്‍ വിവാദത്തെ തുടര്‍ന്ന് ബെംഗളൂരുവില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം കലാപമായി മാറി.

പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും അറുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 110 പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു.

പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ കത്തിച്ചതായി പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി എട്ട് മണിയോടെ എം.എല്‍.എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ വീടിന് നേരെ കല്ലേറുമുണ്ടായി.

വിവാദ കാര്‍ട്ടൂണ്‍ പോസ്റ്റു ചെയ്ത എം.എല്‍.എയുടെ ബന്ധു നവീനെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു. അതേസമയം തന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്തതാണെന്നും താനല്ല വിവാദ പോസ്റ്റിട്ടതെന്നുമാണ് നവീന്റെ പ്രതികരണം.

വിവാദ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തതിന് പിന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളടക്കം പ്രചരിച്ചതും പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കി.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരു നഗരപരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമത്തില്‍ നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

അതേസമയം അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അറിയിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസിനുമെതിരായ അക്രമം അംഗീകരിക്കാനാവില്ല. സമാധാനം പാലിക്കണമെന്നും യെദിയൂരപ്പ ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight; Bangalore Three Killed in Police Firing After Mob Vandalises MLA’s House