D' Election 2019
ഞങ്ങള്‍ക്ക് സുരക്ഷ വേണ്ടേ? ജനാധിപത്യത്തില്‍ ഞങ്ങള്‍ക്ക് ഒരു അവകാശവും ഇല്ലേ?; മോദിയുടെ റാലിയിലെ സുരക്ഷയെ വിമര്‍ശിച്ച് മമത
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 16, 12:45 pm
Thursday, 16th May 2019, 6:15 pm

മഥുരാപൂര്‍:മധുരാപൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയിലെ സുരക്ഷയെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാബാനര്‍ജി.തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സുരക്ഷ വേണമെന്ന് മമത പറഞ്ഞു.

‘ഞങ്ങള്‍ക്ക് നാളെ ഒരു മീറ്റിഗ് ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് അത് വേണ്ടെന്ന് വച്ചത്? സുരക്ഷ ഉണ്ടെന്ന് കരുതി പ്രധാനമന്ത്രിക്ക് മാത്രമെ മീറ്റിഗ് കൂടാന്‍ കഴിയൂ?ഞങ്ങള്‍ക്ക് സുരക്ഷ വേണ്ടേ? ജനാധിപത്യത്തില്‍ ഞങ്ങള്‍ക്ക് ഒരു അവകാശവും ഇല്ലേ?’ റിപ്പോര്‍ട്ടര്‍മാരോടായ് മമതാ ബാനര്‍ജി ചോദിച്ചു. 24 മണിക്കൂര്‍ മുന്‍പ് തരഞ്ഞെടുപ്പ് കമ്മീഷന്‍ ഞങ്ങളുടെ പ്രചരണം വെട്ടി കുറച്ചെന്നും ഇപ്പോള്‍ ഞങ്ങള്‍ മീറ്റിഗും അഡ്ജസ്റ്റ് ചെയ്യേണ്ടി വരുന്നെന്നും എന്നും മമത പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയിലെ സുരക്ഷാ സംബന്ധമായ കാര്യങ്ങളെ കുറിച്ച് സ്‌പെഷ്യല്‍ സുരക്ഷാ സംഘം വെസ്റ്റ് ബംഗാള്‍ ഡി.ജി.പിക്ക് കത്തെഴുതിയ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു മമത.

നേരത്തെ അമിഷാക്കെതിരെയും മോദിക്കെതിരെയും മമത രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.
മോദി നാണം കെട്ട പ്രധാനമന്ത്രിയാണെന്നും അമിത് ഷാ ഗുണ്ടയാണെന്നുമായിരുന്നു മമത പറഞ്ഞത്. രാജ്യത്തുടനീളമുള്ള പ്രതിമകള്‍ അടിച്ചുതകര്‍ക്കുകയാണ് ബി.ജെ.പിക്കാരെന്നും മമത പറഞ്ഞിരുന്നു. ത്രിപുരയിലെ ലെനിന്‍ പ്രതിമ മുതല്‍ ഗുജറാത്തിലെ അംബേദ്ക്കര്‍ പ്രതിമയും ഇപ്പോള്‍ കൊല്‍ക്കത്തയിലെ വിദ്യാസാഗര്‍ പ്രതിമയും അവര്‍ തകര്‍ത്തിരിക്കുന്നു

ബി.ജെ.പിയുടെ സഹോദരനാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ ബി.ജെ.പിയ്ക്ക് വിറ്റുകഴിഞ്ഞെന്നും ഇന്ത്യയില്‍ എല്ലാവര്‍ക്കും ഇത് അറിയാമെന്നും മമത കുറ്റപ്പെടുത്തുയിരുന്നു.