ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമിടയില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചു; കങ്കണയ്ക്കും സഹോദരിയ്ക്കുമെതിരെ കേസെടുക്കണമെന്ന് കോടതി
national news
ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമിടയില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചു; കങ്കണയ്ക്കും സഹോദരിയ്ക്കുമെതിരെ കേസെടുക്കണമെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th October 2020, 4:07 pm

മുംബൈ: ബോളിവുഡ് താരം കങ്കണയ്ക്കും സഹോദരി രംഗോലി ചന്ദേലിനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവിട്ട് ബാന്ദ്ര മജിസ്‌ട്രേറ്റ് കോടതി. കങ്കണയും സഹോദരിയും തുടര്‍ച്ചയായി നല്‍കുന്ന അഭിമുഖങ്ങളിലും ട്വീറ്റുകളിലും ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമിടയില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്.

കാസ്റ്റ് ഡയറക്ടറും ഫിറ്റ്‌നസ് ട്രെയിനറുമായ മുനവറലി സയ്യിദ് നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡിന്റെ വിവിധ വകുപ്പുകളും, 153 എ (രണ്ട് ഗ്രൂപ്പുകള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രിക്കുക), 295 എ ( മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിക്കുക), 124 എ (രാജ്യദ്രോഹക്കുറ്റം) എന്നിവയും ചേര്‍ത്ത് കേസെടുക്കണമെന്നായിരുന്നു ട്രെയിനര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മജിസ്‌ട്രേറ്റ് ജയ്‌ദോ ഘുലെയാണ് കങ്കണയ്ക്കും സഹോദരിക്കുമെതിരെ എഫ്.ഐ.ആര്‍ ഇടണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. സുശാന്ത് സിംഗ് രജ്പുതിന്റെ മരണം, പാര്‍ഘറിലെ ആള്‍ക്കൂട്ട കൊലപാതകം തുടങ്ങിയവയുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റുകളിലൊക്കെ വിദ്വേഷം പടര്‍ത്തുന്ന രീതിയിലാണ് ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പിന്നിലെ കാരണം അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.

ബോളിവുഡില്‍ നടക്കുന്നത് സ്വജനപക്ഷപാതമാണെന്ന് മുദ്രകുത്താനുള്ള ശ്രമമാണ് കങ്കണ നടത്തുന്നതെന്നും പരാതിക്കാരന്‍ ഹരജിയില്‍ പറയുന്നു.

ഇത്തരം വിദ്വേഷ ട്വീറ്റുകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം എന്താണെന്നും സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടാക്കി സാമുദായിക സംഘര്‍ഷങ്ങളും വികാരങ്ങളും സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ ആരാണെന്നും കണ്ടെത്താന്‍ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ആരോപണ വിധേയര്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്നും മജിസ്‌ട്രേറ്റ് പറഞ്ഞു.

‘ഇലക്ട്രോണിക് മീഡിയയിലും ട്വിറ്ററിലും അഭിമുഖങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള എല്ലാ ആരോപണങ്ങളും. ഇതിന് വിദഗ്ധരുടെ വിശദമായ അന്വേഷണം ആവശ്യമാണ്,’ മജിസ്‌ട്രേറ്റ് പറഞ്ഞു.

നേരത്തെ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ തീവ്രവാദികളെന്ന് വിളിച്ചതിന് പിന്നാലെ കങ്കണയ്‌ക്കെതിരെ കര്‍ണാടക പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

കങ്കണ അടുത്തിടെ നിരവധി വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. മുംബൈ പാക് അധിനിവേശ കശ്മീര്‍ പോലെ തോന്നുന്നു എന്നും അവര്‍ പറഞ്ഞിരുന്നു. സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസിന്റെ അന്വേഷണത്തെ വിമര്‍ശിച്ച് കൊണ്ടും അവര്‍ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bandra court ordered FIR against Kangana Ranaut and her sister