മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി 2017ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഉദാഹരണം സുജാത. ചിത്രത്തിലൂടെ ബാലതാരമായി കരിയര്‍ ആരംഭിച്ച നടിയാണ് അനശ്വര രാജന്‍. ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായാണ് അനശ്വര എത്തിയത്. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാവാന്‍ അനശ്വരയ്ക്ക് സാധിച്ചിരുന്നു. 2023ല്‍ പുറത്തിറങ്ങിയ നേരില്‍ അനശ്വരയുടെ പ്രകടനത്തെ പലരും അഭിനന്ദിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷമിറങ്ങിയ ഓസ്ലര്‍, ഗുരുവായൂരമ്പലനടയില്‍, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ ചിത്രങ്ങളിലും അനശ്വര അഭിനയിച്ചിരുന്നു. അനശ്വരയെ കുറിച്ച് സംസാരിക്കുകയാണ് ബാലു വര്‍ഗീസ്. എന്ന് സ്വന്തം പുണ്യാളന്‍ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചാണ് അനശ്വരയെ പരിചയപ്പെട്ടതെന്ന് ബാലു വര്‍ഗീസ് പറയുന്നു.
ആദ്യമായി കാണുകയാണെങ്കിലും പ്രകടനം കൊണ്ട് അനശ്വര ഞെട്ടിച്ചെന്ന് ബാലു പറയുന്നു. സ്വിച്ചിട്ടപോലെ അനശ്വര കഥാപാത്രത്തിലേക്ക് കയറുമെന്നും ലൊക്കേഷനില്‍ വര്‍ത്തമാനമെല്ലാം പറഞ്ഞുകൊണ്ട് ഇരുന്നാലും ഷോട്ട് റെഡി എന്ന് പറഞ്ഞാല്‍ കഥാപാത്രമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബാലു വര്‍ഗീസ്.
‘ഞാന്‍ സിനിമയുടെ സെറ്റില്‍ വെച്ചാണ് അനശ്വരയെ പരിചയപ്പെടുന്നത് തന്നെ. പക്ഷെ ഞെട്ടിച്ച് കളഞ്ഞു എന്നൊക്കെ പറയില്ലേ, അതുപോലെ ഒരു ആര്‍ട്ടിസ്റ്റായിരുന്നു അനശ്വര. സ്വിച്ചിട്ടപോലെ അഭിനയിക്കുക എന്ന പരിപാടി അവള്‍ക്ക് ഭയങ്കരമായിട്ട് ഉണ്ട്.
നമ്മള്‍ ലൊക്കേഷനില്‍ ചിരിച്ച് കളിച്ച് ഇരിക്കുമെങ്കിലും ഷോട്ട് റെഡി എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ വേറെ ആളായിട്ട് അവള്‍ മാറും.
ഇത്രയും ചെറിയൊരു കുട്ടി അത്രയും നന്നായിട്ട് ചെയ്യുന്നത് കാണുമ്പോള്‍ വളരെ സന്തോഷം തോന്നും. വര്‍ക്ക് ചെയ്യാന്‍ അത്രയും കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ആളുകളുടെ കൂടെ സിനിമ ചെയ്യാന്‍ സുഖമാണ്,’ ബാലു വര്‍ഗീസ് പറയുന്നു.
എന്ന് സ്വന്തം പുണ്യാളന്‍
അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് എന്ന് സ്വന്തം പുണ്യാളന്‍. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന ചിത്രം നാളെ (2025 ജനുവരി 10) തിയേറ്ററുകളിലെത്തും.