ന്യൂദല്‍ഹി: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തിനു പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം 17 പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നു.
ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കമെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നതിന് മുന്നോടിയായി 17 പാര്‍ട്ടികളുടെ നേതാക്കള്‍ അടുത്തയാഴ്ച യോഗം ചേരുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
മമത ബാനര്‍ജി നടത്തിയ നീക്കത്തിലൂടെയാണ് പേപ്പര്‍ ബാലറ്റ് വിഷയത്തില്‍ 17 പാര്‍ട്ടികളുടെ പിന്തുണ നേടാന്‍ കഴിഞ്ഞതെന്നാണ് സൂചന. ജനുവരി 19ന് കൊല്‍ക്കത്തയില്‍ നടത്തുന്ന റാലിയിലേക്ക് മമത ബാനര്‍ജി കഴിഞ്ഞ ദിവസം വിവിധ പാര്‍ട്ടികളുടെ നേതാക്കളെ നേരിട്ടുകണ്ട് ക്ഷണിച്ചിരുന്നു.
യു.പി.എ അധ്യക്ഷ സോണിയാഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്നിവര്‍ അടക്കമുള്ളവരെ മമത സന്ദര്‍ശിച്ചിരുന്നു. വോട്ടിംഗ് യന്ത്രങ്ങളുടെ നിഷ്പക്ഷത ചോദ്യം ചെയ്ത് പാര്‍ലെമന്റിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസ് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പേപ്പര്‍ ബാലറ്റ് തിരികെ കൊണ്ടുവരണമെന്ന ആവശ്യം നേരത്തെതന്നെ ഉന്നയിച്ചിരുന്നു.
ബി.ജെ.പി സഖ്യകക്ഷിയായ ശിവസേനയുടെ പിന്തുണയും മമത അഭ്യര്‍ഥിച്ചിട്ടുണ്ട്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പേപ്പര്‍ ബാലറ്റ് ഉപയോഗിച്ച് നടത്തണമെന്ന ആവശ്യം ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും നേരത്തെ ഉന്നയിച്ചിരുന്നു.