എനിക്കും ഒരു മകളുണ്ട്, അക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടണം; ഇത്രയും കാലം മിണ്ടാതിരുന്നത് ഭയം മൂലം, ദിലീപിന്റെ സെറ്റപ്പ് അത്രയ്ക്ക് വലുതാണ്: ബാലചന്ദ്ര കുമാര്‍
കോഴിക്കോട്: അക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടട്ടെ എന്ന തോന്നലിന്റെ ഭാഗമായാണ് നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തുവന്നതെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍. ധന്യ രാജേന്ദ്രനുമായി ദി ന്യൂസ് മിനുട്ടിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാലചന്ദ്ര കുമാറന്റെ തുറന്നുപറച്ചില്‍.
എനിക്കും ഒരു മകളുണ്ട്, ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടണം എന്ന് തോന്നി. പ്രായം കൂടുന്നതിനനുസരിച്ച് തോന്നലുകളുണ്ടാകുമല്ലോ എന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
ചാനലില്‍ കാണുന്ന ദിലീപല്ല ശരിക്കും. അദ്ദേഹത്തിന് പിന്നില്‍ വലിയൊരു സൈന്യം തന്നെയുണ്ടെന്നും ഭയം കാരണമാണ് ഇതുവരെ ഒന്നും പറയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തോട് ഇനിമുതല്‍ തീര്‍ച്ചയായും സഹകരിക്കും. ആ തീരുമാനം എടുത്തതിന് ശേഷമാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. താന്‍ ഒരിക്കലും ബ്ലാക്ക് മെയില്‍ ചെയ്യുകയല്ല. അങ്ങനെ അരോപിക്കുന്നുണ്ടെങ്കില്‍ ദിലീപ് അതിനുള്ള തെളിവ് കൊണ്ടുവരണമെന്നും ബാലചന്ദ്ര കുമാര്‍ വ്യക്തമാക്കി.
‘കേസിന്റെ തുടക്കത്തില്‍ എന്തുകൊണ്ട് ഒന്നും പറഞ്ഞില്ലാ എന്ന് പലരും എന്നോട് ചോദിച്ചു. അന്ന് എന്റെ മാനസികാവസ്ഥ അങ്ങനെയായിരിക്കാം. ദിലീപിന്റെ സെറ്റപ്പുകള്‍ നന്നായി അറിയുന്നതുകൊണ്ട് എനിക്ക് നല്ല ഭയമുണ്ടായിരുന്നു.
കാരണം ചാനലില്‍ നമ്മള്‍ കാണുന്ന ദിലീപല്ല ശരിക്കും. അദ്ദേഹത്തിന് പിന്നില്‍ വലിയൊരു സൈന്യം തന്നെയുണ്ട്. അദ്ദേഹത്തിന് ലയണ്‍സ് എന്ന പേരില്‍ ഒരു ടീമുണ്ട്. അതില്‍ ഒരു പത്തിരുപത്തഞ്ച് മെമ്പര്‍മാരുണ്ട്. നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍ നമ്മളെ തൂക്കി കൊണ്ടുപോകും,’ ബാലചന്ദ്ര കുമാര്‍ പറഞ്ഞു.
ആദ്യം ദിലീപിന് ഈ കേസുമായി ബന്ധമില്ലായെന്ന് വിശ്വസിച്ച ഒരാളാണ് താന്‍. ദിലീപും അദ്ദേഹത്തിന്റെ കൂടെയുള്ളവരും കുറ്റവാളിയാണെന്ന് മനസ്സിലാക്കുന്നത് പിന്നെയാണ്. ഇതിനെപ്പറ്റി പറയണോ വേണ്ടയോ എന്ന ഭയത്തിലൂന്നിയ ചിന്തയിലാണ് താന്‍ പിന്നീട് ജീവിച്ചത്. ഭയത്തില്‍ നിന്നുണ്ടായ മാറ്റമാണ് ഇപ്പോഴത്തെ ധൈര്യം. കിരീടം സിനിമയില്‍ സേതുമാധവനുണ്ടായ മാറ്റത്തിന് സമാനമാണ് ഇപ്പോള്‍ തന്റെ മാറ്റമെന്നും ബാലചന്ദ്ര കുമാര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമസയം, നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കണം എന്നാവിശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് കോടതി മാറ്റി. ഹര്‍ജി ജനുവരിന് നാലിന് വീണ്ടും പരിഗണിക്കും. പ്രോസിക്യൂട്ടറുടെ അസാന്നിധ്യത്തില്‍ ഇന്നത്തെ വിസ്താരം നിര്‍ത്തിവെക്കുകയായിരുന്നു.
സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ച സാഹചര്യത്തില്‍ അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ ആണ് ഇന്ന് കോടതിയില്‍ ഹാജരായത്. ദിലീപിനെതിരായ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിന് ഉടന്‍ നോട്ടീസ് നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
CONTENT HIGHLIGHTS: Director Balachandra Kumar has come out with a revelation against actor Dileep in the case of assault on the actress as part of his desire to get justice for the Actress