കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ പ്രതിയായ ടി.വി. രാജേഷ് എം.എല്‍.എയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എം.എല്‍.എ എന്ന നിലയില്‍ മണ്ഡലത്തിന്റെ താത്പര്യം സംരക്ഷിക്കണമെന്നും അതിനാലാണ് ജാമ്യം അനുവദിക്കുന്നതെന്നും കോടതി വ്യക്തമാക്കി.[]
രാജേഷിനോട് അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതിനുപുറമെ രണ്ട് ജാമ്യക്കാരെ ഹാജരാക്കണം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി രാജേഷിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
നേരത്തെ വിചാരണക്കോടതി രാജേഷിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ മുപ്പത്തിയൊന്‍പതാം പ്രതിയായ രാജേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വിചാരണക്കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ കോടതി മുമ്പാകെ കീഴടങ്ങുകയെന്നത് മാത്രമായിരുന്നു ടി.വി രാജേഷിന് മുമ്പിലുണ്ടായിരുന്ന വഴി. രാജേഷിനെ കോടതി മുമ്പാകെ കീഴടങ്ങാന്‍ അന്വേഷണ സംഘം സമയം അനുവദിക്കുകയും ചെയ്തിരുന്നു.
ഷുക്കൂറിന്റെ വധം മുന്‍കൂട്ടി അറിഞ്ഞിട്ടും മറച്ചുവെച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 118 ാം വകുപ്പാണ് രാജേഷിനെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ കേസില്‍ ഇതേ കുറ്റത്തിന് അറസ്റ്റിലായിരുന്ന സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ജാമ്യാപേക്ഷ വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.
കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കോടതിയില്‍ കീഴടങ്ങിയ രാജേഷ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. ഈ മാസം 27 വരെയാണ് രാജേഷിനെ റിമാന്‍ഡ് ചെയ്തത്.