മുരുകനെ എമ്പുരാനില്‍ നിന്ന് അത്ര വേഗമൊന്നും ഒഴിവാക്കാന്‍ കഴിയില്ല: ബൈജു
Movie Day
മുരുകനെ എമ്പുരാനില്‍ നിന്ന് അത്ര വേഗമൊന്നും ഒഴിവാക്കാന്‍ കഴിയില്ല: ബൈജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st August 2024, 8:45 am

പതിനൊന്നാം വയസില്‍ രണ്ട് മുഖങ്ങള്‍ എന്ന സിനിമയിലൂടെ ബാലതാരമായി സിനിമയില്‍ അരങ്ങേറിയ വ്യക്തിയാണ് ബൈജു. തുടര്‍ന്ന് നായകനായും സഹനടനായും വില്ലനായുമെല്ലാം അദ്ദേഹം മലയാള സിനിമയിലെ സജീവ സാന്നിധ്യമായി. കുറച്ചുനാള്‍ സിനിമയില്‍ നിന്ന് മാറി നിന്ന ബൈജു 2014ല്‍ പുത്തന്‍പണം എന്ന സിനിമയിലൂടെ അഭിനയരംഗത്ത് തിരിച്ചെത്തി.

നടനും നിര്‍മാതാവുമായ പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. മുരളി ഗോപി തിരക്കഥയെഴുതി ആന്റണി പെരുമ്പാവൂര്‍ ആണ് ഈ ചിത്രം നിര്‍മിച്ചത്. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായി എത്തിയ ചിത്രം മലയാളത്തിലെ തന്നെ ട്രെന്‍ഡ് സെറ്ററുകളില്‍ ഒന്നായി മാറുകയായിരുന്നു.തിയേറ്ററുകളില്‍ വമ്പന്‍ ഹിറ്റായിരുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം L2: എമ്പുരാന്‍ ഉണ്ടാകുമെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നു. ചിത്രത്തില്‍ മുരുകന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ബൈജുവാണ്. താനും ലൂസിഫറിന്റെ അടുത്ത ഭാഗത്തില്‍ ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റിപ്പോര്‍ട്ടര്‍ ലൈവുമായുള്ള അഭിമുഖത്തില്‍ ബൈജു.

എമ്പുരാനില്‍ തന്റെ രംഗങ്ങളെല്ലാം ഷൂട്ട് ചെയ്യുന്നത് കേരളത്തില്‍ തന്നെയാണെന്നും മുരുകനെ അത്ര വേഗമൊന്നും സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്നും ബൈജു പറയുന്നു.

എമ്പുരാന്‍ പോലുള്ള സിനിമകളില്‍ ആണെങ്കില്‍ കുറഞ്ഞ സീനുകളില്‍ പോലും അഭിനയിച്ചാലും കഥാപാത്രവും ആര്‍ട്ടിസ്റ്റും ശ്രദ്ധിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാനില്‍ ഞാനും ഉണ്ട്. മുരുകനെ അങ്ങനെ വേഗമൊന്നും എടുത്ത് കളയാന്‍ പറ്റില്ല. എന്റെ ഭാഗങ്ങള്‍ പുറത്തുനിന്നല്ല ഷൂട്ട് ചെയ്തത്.

നമുക്ക് ഈ കൊച്ചിയും തിരുവനന്തപുരവുമൊക്കെ തന്നെയേ ഉള്ളു. അവിടെ വെച്ചാണ് എന്റെ ഭാഗങ്ങളുടെയെല്ലാം ഷൂട്ട്. ഇനി ഒരു ആറ്-ഏഴ് ദിവസത്തിന്റെ ഷൂട്ട് കൂടെ ഉണ്ട്.

ഇങ്ങനെയുള്ളൊരു സിനിമയില്‍ നമ്മളൊരു അഞ്ച് സീനൊക്കെ അഭിനയിച്ചാല്‍ മതി, ശ്രദ്ധിക്കപ്പെട്ടോളും. ഈ സിനിമയിലും മുരുകന്റെ ചില സംഭവങ്ങളൊക്കെ ഉണ്ട്, വഴിയേ കണ്ടോളു,’ ബൈജു പറയുന്നു.

Content  Highlight: Baiju talks about L2: Empuraan movie and his character Murugan