Entertainment
എമ്പുരാന്‍; ഇങ്ങനെയെങ്കില്‍ രാജുവിന് ഒരു ഹോളിവുഡ് പടമെടുക്കാം; ചിലപ്പോള്‍ അത് സംഭവിച്ചേക്കും: ബൈജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 09, 10:17 am
Friday, 9th August 2024, 3:47 pm

2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു ലൂസിഫര്‍. ഈ മോഹന്‍ലാല്‍ ചിത്രം മലയാളത്തിലെ വലിയ സാമ്പത്തിക വിജയമായി മാറിയിരുന്നു. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരനില്‍ നിന്ന് ഖുറേഷി അബ്രാം എന്ന അധോലോക നായകനായുള്ള മോഹന്‍ലാലിന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ ആരാധകര്‍ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു. ഇപ്പോള്‍ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയാണ്.

ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്ത താരമാണ് ബൈജു സന്തോഷ്. ഇപ്പോള്‍ പൃഥ്വിരാജ് സുകുമാരനെ കുറിച്ച് പറയുകയാണ് ബൈജു. പൃഥ്വിരാജ് എന്ന സംവിധായകന്റെ മനസില്‍ എന്താണ് എടുക്കാന്‍ പോകുന്നത് എന്ന കാര്യത്തില്‍ കൃത്യമായ ചിന്തയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റിനോട് സംസാരിക്കുകയായിരുന്നു ബൈജു. ഇങ്ങനെയെങ്കില്‍ ഒരു ഹോളിവുഡ് സിനിമ ചെയ്യേണ്ടി വരുമെന്ന് താന്‍ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ഇപ്പോള്‍ പൃഥ്വിയോടൊപ്പം എമ്പുരാന്‍ ചെയ്തല്ലോ. പൃഥ്വിരാജ് എന്ന സംവിധായകന്റെ മനസില്‍ എന്താണ് എടുക്കാന്‍ പോകുന്നത് എന്ന കാര്യത്തില്‍ കൃത്യമായ ചിന്തയുണ്ട്. അതല്ലാതെ വേറെ ആരെകൊണ്ടും അദ്ദേഹം ഒന്നും ചെയ്യാന്‍ സമ്മതിക്കില്ല. ഈ കൈയ്യില്‍ നിന്നിടുന്ന പരിപാടിയൊന്നും പൃഥ്വിയുടെ സിനിമയില്‍ ഇല്ല. അതൊന്നും അവിടെ നടക്കില്ല. ‘ചേട്ടാ ഇത് മതി, ഇങ്ങനെയാണ് എനിക്ക് വേണ്ടത്’ എന്ന് രാജു പറയും. അത് കറക്ടായിരിക്കും. അയാള്‍ക്ക് സ്വന്തം സിനിമയെ പറ്റി ഒരു റീഡിങ് ഉണ്ടാകുമല്ലോ.

പിന്നെ സെറ്റില്‍ വളരെ സീരിയസാണ് അദ്ദേഹം. ഒപ്പം വര്‍ക്ക് ചെയ്യാന്‍ നല്ല രസമാണ്. രാജു വളരെ ശ്രദ്ധിച്ച് കോണ്‍സണ്‍ട്രേറ്റ് ചെയ്താണ് ഇരിക്കുക. സീനിനെ കുറിച്ച് നരേറ്റ് ചെയ്യുമ്പോഴും അങ്ങനെ തന്നെയാണ്. ഈ പോക്കാണെങ്കില്‍ ഒരു ഹോളിവുഡ് പടം ഡയറക്ട് ചെയ്യേണ്ടി വരുമെന്ന് ഞാന്‍ രാജുവിനോട് പറഞ്ഞിരുന്നു. ഉടനെ അല്ലെങ്കിലും കുറച്ച് കഴിഞ്ഞിട്ട് (ചിരി). ചിലപ്പോള്‍ അത് സംഭവിച്ചേക്കാം,’ ബൈജു സന്തോഷ് പറഞ്ഞു.


Content Highlight: Baiju Santhosh Talks About Prithviraj Sukumaran