കയ്‌പേറിയതാണെങ്കിലും സത്യം തന്നെ പറയണമെന്നാണ് നബി കല്‍പന; സമസ്തയിറക്കിയ പ്രസ്താവന കളവായിരുന്നെന്ന് ബഹാവുദ്ദീന്‍ നദ്‌വി
Kerala News
കയ്‌പേറിയതാണെങ്കിലും സത്യം തന്നെ പറയണമെന്നാണ് നബി കല്‍പന; സമസ്തയിറക്കിയ പ്രസ്താവന കളവായിരുന്നെന്ന് ബഹാവുദ്ദീന്‍ നദ്‌വി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th December 2024, 10:49 am

കോഴിക്കോട്: ബുധനാഴ്ച നടന്ന സമസ്ത മുശാവറ യോഗത്തിന് ശേഷം സമസ്ത ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതായിരുന്നു എന്ന് മുഷാവറ അംഗം ഡോ. ബഹാവുദ്ദീന്‍ നദ്‌വി. കയ്‌പേറിയതാണെങ്കിലും സത്യം തന്നെ പറയണമെന്നാണ് പ്രവാചകന്റെ കല്‍പന എന്ന് ഓര്‍മ്മിപ്പിച്ചായിരുന്നു നദ്‌വിയുടെ വിമര്‍ശനം. വസ്തുതകളോടും യാഥാര്‍ഥ്യങ്ങളോടും ഒരു നിലക്കും നിരക്കാത്ത കാര്യമാണ് സമസ്ത പ്രസ്താവനയെന്ന് പേരില്‍ പ്രസിദ്ധീകരിച്ചതെന്നും അതിനോട് എങ്ങനെ യോജിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.

കളവിനോട് സത്യവിശ്വാസി രാജിയാകരുതെന്നാണണ് ഇസ്‌ലാമിക കല്‍പനയെന്നും കയ്‌പ്പേറിയതാണെങ്കില്‍ പോലും സത്യം തന്നെ പറയണമെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചതെന്നും നദ്‌വി പറയുന്നു. സത്യസന്ധതയും സംഘടനാ വിശദീകരണവും ഒരിക്കലും വിരുദ്ധ ധ്രുവങ്ങളിലാകരുതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

മുശാവറ യോഗത്തില്‍ നടന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത്‌ താനാണെന്ന തരത്തില്‍ പ്രചരണം നടക്കുന്നുണ്ടെന്നും എന്നാല്‍ തന്റെ പേരില്‍ കല്ലുവെച്ച നുണ വ്യാപകമായി പ്രചരിപ്പിച്ചപ്പോള്‍ അതിന്റെ നിജസ്ഥിതി വെളിപ്പെടുത്തുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറയുന്നു.

മുക്കം ഉമര്‍ ഫൈസി കള്ളന്‍മാര്‍ എന്ന വാക്ക് യോഗത്തില്‍ ബഹുവചനമായി തന്നെ ഉപയോഗിച്ചിരുന്നെന്നും മറ്റു മുഷാവറ അംഗങ്ങളോട് ചോദിച്ചാല്‍ അത് ബോധ്യപ്പെടുമെന്നും ബഹാവുദ്ദീന്‍ നദ്‌വി പറയുന്നു. ഇതിന് പിന്നാലെയാണ് താനും കള്ളന്‍മാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുമല്ലോ എന്ന് ചോദിച്ച് ജിഫ്രി തങ്ങള്‍ ഇറങ്ങിപ്പോയത് എന്നും നദ്‌വി ആവര്‍ത്തിക്കുന്നു. വസ്തുത ഇതായിരിക്കെ ഒരു രാത്രി കഴിഞ്ഞപ്പോള്‍ ഉമര്‍ ഫൈസി കാര്യങ്ങളെ വക്രീകരിച്ച് അവതരിപ്പിച്ചെന്നും നദ്‌വി കുറ്റപ്പെടുത്തുന്നു.

ബുധനാഴ്ചയാണ് സമസ്തയുടെ മുഷാവറ യോഗം കോഴിക്കോട് നടന്നത്. യോഗത്തിനിടക്ക് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സമസ്ത ഔദ്യോഗികമായി തന്നെ ഇക്കാര്യം നിഷേധിച്ച് കുറിപ്പിറക്കുകയും ചെയ്തു. കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മറ്റൊരു ദിവസം യോഗം ചേരുമെന്നും അറിയിച്ചു.

എന്നാല്‍ കുറിപ്പിന് വിപരീതമായി അടുത്ത ദിവസം ബഹാവുദ്ദീന്‍ നദ്‌വിയുടെ ഒരു ശ്ബദ സന്ദേശം പുറത്തുവന്നിരുന്നു. മാധ്യമ റിപ്പോര്‍ട്ടുകളെ ശരിവെക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശബ്ദ ശന്ദേശം. യോഗത്തില്‍ മുക്കം ഉമര്‍ഫൈസി കള്ളന്‍മാര്‍ എന്ന പ്രയോഗം നടത്തിയെന്നും ഇതില്‍ പ്രകോപിതനായി ജിഫ്രി തങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇക്കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന നദ്‌വിയുടെ വിശദീകരണം.

ഡോ. ബഹാവുദ്ദീന്‍ നദ്‌വിയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം

ബുധനാഴ്ച നടന്ന സമസ്ത മുശാവറ യോഗത്തിലെ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്ക് ഞാനാണ് ചോര്‍ത്തിക്കൊടുത്തതെന്ന് ഒരു വിഭാഗം ‘ഗീബല്‍സിയം നയ’മനുസരിച്ച് വ്യാപക പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

ഉമര്‍ ഫൈസിയെ മാറ്റിനിര്‍ത്തി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെട്ടുവെന്നും, ഇവ്വിഷയകമായി യോഗത്തില്‍ പൊട്ടിത്തെറി ഉണ്ടായെന്നും നിരവധി ചാനലുകള്‍ വാര്‍ത്ത നേരത്തെ പുറത്തുവിട്ടിരുന്നു. എന്റെ പേരില്‍ കല്ലുവെച്ച നുണ വ്യാപകമായി പ്രചരിപ്പിച്ചപ്പോള്‍ അതിന്റെ നിജസ്ഥിതി വെളിപ്പെടുത്തേണ്ടത് വ്യക്തിപരമായ ബാധ്യതയായിത്തീര്‍ന്നു. അത് നിര്‍വഹിക്കുക മാത്രമായിരുന്നു ഞാന്‍.

കള്ളന്മാര്‍ എന്നു ബഹുവചനം തന്നെ ഫൈസി യോഗത്തില്‍ പ്രയോഗിച്ചിരുന്നു. അദ്ദേഹം അല്ലാത്ത മറ്റു മുശാവറ അംഗങ്ങളോട് ചോദിച്ചാല്‍ ഇതിന്റെ വസ്തുത അറിയാം. നിങ്ങളുടെ എന്താണ് ഞാന്‍ മോഷ്ടിച്ചത് എന്നു ചോദിച്ചപ്പോള്‍, നിങ്ങള്‍ മോഷ്ടിച്ചു എന്നല്ല; കള്ളം പറഞ്ഞു എന്നാണുദ്ദേശിച്ചത് എന്നായിരുന്നു മറുപടി. അപ്പോള്‍, ആ കള്ളന്മാരുടെ കൂട്ടത്തില്‍ താനും ഉള്‍പെടുമല്ലോ, അത് കൊണ്ട് ഇനി ഇവിടെ ഇരിക്കുന്നത് ശരിയല്ല എന്നു പറഞ്ഞാണ് ജിഫ്രി തങ്ങള്‍ യോഗത്തില്‍ നിന്നു ഇറങ്ങിപോയത്.

ആമുഖഭാഷണത്തില്‍ തന്നെ, അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍ മാറി നില്‍ക്കണമെന്ന് യോഗാധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ നിര്‍ദേശിച്ചിരുന്നു. രണ്ട് മണിക്കൂറിന് ശേഷം തദ്വിഷയകമായി ചര്‍ച്ച തുടങ്ങാനിരിക്കെയും തങ്ങള്‍ അക്കാര്യം ഉണര്‍ത്തി. എന്നാല്‍ താന്‍ പോകില്ല എന്ന നിലപാടിലായിരുന്നു അദ്ദേഹം. തല്‍സമയം അധ്യക്ഷനെ പിന്തുണച്ച് സംസാരിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്.

വസ്തുത ഇതായിരിക്കെ ഒരു രാത്രി കഴിഞ്ഞപ്പോഴേക്കും വിഷയം മറ്റൊരു തരത്തില്‍ അദ്ദേഹം വക്രീകരിക്കുകയുണ്ടായി: താന്‍ ഉദ്ദേശിച്ചത് മുശാവറ അംഗങ്ങളെ അല്ലെന്നും തന്റെ കാര്യത്തില്‍ ഹരജി നല്‍കിയവരെ സംബന്ധിച്ചാണ് പരാമര്‍ശം എന്നുമായിരുന്നു വിശദീകരണം! അദ്ദേഹത്തിനു അനുകൂലമായി ഹരജി നല്‍കിയവരും കള്ളന്മാരാണെന്നാണോ?!

എടവണ്ണപ്പാറയില്‍ താന്‍ ഉദ്ദേശിച്ചത് സ്വാദിഖ് അലി ശിഹാബ് തങ്ങളെ അല്ലെന്നാണ് ഇതുവരെയും അദ്ദേഹം നിരന്തരമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.ഖാസി ഫൗണ്ടേഷന്‍ ഉള്‍പ്പെടെ പേരെടുത്തു പറഞ്ഞ ശേഷമാണ് അതല്ല ഉദ്ദേശ്യമെന്നു പറഞ്ഞത്! അങ്ങനെയാണെങ്കില്‍ പിന്നെ ആരെയാണ് ഉദ്ദേശിച്ചതെന്നു വ്യക്തമാക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്. ബോധ്യപ്പെടേണ്ട അവകാശം പൊതുസമൂഹത്തിനും.

സമസ്തയുടെ പേരില്‍ പുറത്തുവന്ന പ്രസ്താവന എന്റെ വിശദീകരണത്തിനു വിരുദ്ധമാണെന്ന് പലരും പറയുന്നു. ശരിയാണ്. വസ്തുതകളോടും യാഥാര്‍ഥ്യങ്ങളോടും ഒരുനിലക്കും നിരക്കാത്ത കാര്യം പ്രസിദ്ധപ്പെടുത്തുന്നതിനോട് എങ്ങനെ യോജിക്കാനാകും? കളവിനോട് സത്യവിശ്വാസി രാജിയാകരുതെന്നാണല്ലോ ഇസ്ലാമിക കല്‍പന.

കയ്‌പ്പേറിയതാണെങ്കില്‍ പോലും സത്യം തന്നെ പറയണമെന്നാണ് തിരുനബി(സ്വ)യുടെ അധ്യാപനം. സത്യസന്ധതയും സംഘടനാ വിശദീകരണവും വിരുദ്ധ ധ്രുവങ്ങളിലാവരുതല്ലോ ഒരിക്കലും.

സമസ്തയുടെ തനിമയും പാരമ്പര്യവും വളരെ പവിത്രമായി എക്കാലത്തും ഇവിടെ നിലനില്‍ക്കേണ്ടതുണ്ട്. മുന്‍ഗാമികള്‍ കാണിച്ചുതന്ന പാതയില്‍ ജാഗ്രതയോടെ മുന്നോട്ടുപോവണം നമുക്ക്. സര്‍വശക്തന്റെ അനുഗ്രഹങ്ങളുണ്ടാകട്ടെ.
‘അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമനുസരിച്ച് മനുഷ്യര്‍ക്കിടയില്‍ വിധികല്‍പിക്കാനാണ് സത്യസമേതം താങ്കള്‍ക്ക് നാം ഈ ഖുര്‍ആന്‍ അവതരിപ്പിച്ചു തന്നിരിക്കുന്നത്; വഞ്ചകന്മാര്‍ക്കു വേണ്ടി വാദിക്കുന്നവനാകരുത് താങ്കള്‍ ‘ (വി.ഖു 4:105)

content highlights: Bahauddin Nadvi said that the statement issued by Samasta was false