ചത്തീസ്ഗഢിലെ രാജ്‌നന്ദ്ഗാവില്‍ വോട്ടെടുപ്പിന് ശേഷം നിരവധി ഇ.വി.എമ്മുകള്‍ മാറി; ആരോപണവുമായി ഭൂപേഷ് ബാഗേല്‍
national news
ചത്തീസ്ഗഢിലെ രാജ്‌നന്ദ്ഗാവില്‍ വോട്ടെടുപ്പിന് ശേഷം നിരവധി ഇ.വി.എമ്മുകള്‍ മാറി; ആരോപണവുമായി ഭൂപേഷ് ബാഗേല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th June 2024, 9:09 am

റായ്പൂര്‍: താന്‍ മത്സരിച്ച രാജ്‌നന്ദ്ഗാവ് മണ്ഡലത്തില്‍ നിന്ന് നിരവധി വോട്ടിങ് മെഷീനുകളും വിവി പാറ്റുകളും നീക്കം ചെയ്‌തെന്ന പരാതിയുമായി ചത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേല്‍. വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മുമ്പാണ് ഭൂപേഷ് ബാഗേല്‍ ആരോപണവുമായി രംഗത്തെത്തിയത്.

ഏപ്രില്‍ 26ന് രാജ്‌നന്ദ്ഗാവില്‍ നടന്ന വോട്ടെടുപ്പില്‍ ഉപയോഗിച്ച നിരവധി ഇ.വി.എമ്മുകളുടെ നമ്പറുകളും ഫോം 17 സിയില്‍ പരാമര്‍ശിച്ചിട്ടുള്ള ബന്ധപ്പെട്ട ബൂത്തുകളുടെ മെഷീനുകളുടെ വിവരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള നമ്പറുകള്‍ പൊരുത്തപ്പെടുന്നില്ലെന്നാണ്
ഭൂപേഷ് ബാഗേലിന്റെ ആരോപണം.

എന്നാല്‍ രാജ്‌നന്ദ്ഗാവിലെ റിട്ടേണിങ് ഓഫീസര്‍ ഭൂപേഷ് ബാഗേലിന്റെ ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞു. വോട്ടെണ്ണലിന് മുന്നോടിയായി എക്‌സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘എന്റെ മണ്ഡലമായ രാജ്‌നന്ദ്ഗാവില്‍ വോട്ടെടുപ്പിന് ശേഷം ഫോം 17 സിയില്‍ സൂചിപ്പിച്ചിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് നിരവധി മെഷീനുകളുടെ നമ്പറുകളില്‍ മാറ്റം വന്നിട്ടുണ്ട്. മെഷീനുകളുടെ നമ്പര്‍ മാറ്റിയ ബൂത്തുകളില്‍ അത് വോട്ടെണ്ണലിനെ ബാധിക്കും,’ ഭൂപേഷ് ബാഗേല്‍ പറഞ്ഞു.

നേരത്തെ ഇ.വി.എമ്മിന്റെ അട്ടിമറികള്‍ സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് അവസാനിച്ച ദിവസം ഇ.വി.എം സൂക്ഷിച്ച ഉത്തര്‍പ്രദേശിലെ കേന്ദ്രത്തിന് മുന്നില്‍ നിന്ന് നിരവധി ഇ.വി.എമ്മുകലുമായി എത്തിയ ലോറി പിടികൂടിയെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചിരുന്നു.

അട്ടിമറി ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ വോട്ടെണ്ണല്‍ ദിവസം ബൂത്തുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രവര്‍ത്തകര്‍ക്ക് ഇന്ത്യാ മുന്നണി നേതാക്കള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlight: Baghel claims several EVMs changed after polling in Rajnandgaon