18,000 വിദ്യാര്‍ത്ഥികള്‍, 300 ക്ലാസ് റൂമുകള്‍ ബാക്ക് ടു മര്‍ക്കസ് ഹൈസ്‌കൂള്‍ ചരിത്രമാകും
Daily News
18,000 വിദ്യാര്‍ത്ഥികള്‍, 300 ക്ലാസ് റൂമുകള്‍ ബാക്ക് ടു മര്‍ക്കസ് ഹൈസ്‌കൂള്‍ ചരിത്രമാകും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd December 2014, 11:42 am

markaz കോഴിക്കോട്: പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് ഒരുമിച്ച് പഴയ ക്ലാസ്മുറികളില്‍ ഇരുന്ന് പഠിക്കാന്‍ കാരന്തൂര്‍ മര്‍ക്കസ് ഹൈസ്‌കൂള്‍ അവസരം നല്‍കുന്നു. ഡിസംബര്‍ 14നാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് സംഗമിക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്.

1985 മുതല്‍ 2014 വരെ മര്‍ക്കസ് ഹൈസ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളാണ് സംഗമിക്കുന്നത്. വിവിധ ബാച്ചുകളില്‍ നിന്നായി 18,000 വിദ്യാര്‍ത്ഥികള്‍ “ബാക്ക് ടു മര്‍ക്കസ് ഹൈസ്‌കൂള്‍ ക്ലാസ് ആന്‍ഡ് ബാച്ച്” എന്ന പേരില്‍ സംഘടിപ്പിക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

30 ബാച്ചുകളില്‍ നിന്നായുള്ള 300 ഓളം വരുന്ന എസ്.എസ്.എല്‍.സി ക്ലാസുകളാണ് പുനക്രമീകരിക്കുന്നത്. ഇവര്‍ക്ക് അക്കാലത്തെ പുനസൃഷ്ടിക്കാനായി മുന്നൂറോളം അധ്യാപകരെയും സജ്ജീകരിക്കും. മുമ്പ് പഠിച്ചിരുന്ന അതേ ക്ലാസില്‍ അക്കാലത്തെ അധ്യാപകര്‍ക്കൊപ്പം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പഴയ കാലത്തേക്ക് പോകും.

ബോര്‍ഡിങ്, ഓര്‍ഫനേജ് വിദ്യാര്‍ത്ഥികളായിരുന്നവര്‍ക്ക് തലേദിവസം രാവിലെ തന്നെ ക്യാമ്പസില്‍ എത്തിച്ചേര്‍ന്ന് അവിടെ താമസിച്ചു പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. 30 വര്‍ഷത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ രാവിലെ ഒമ്പതുമണിക്ക് ഹൈഡ്മാസ്റ്റര്‍ വി.പി അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ക്കൊപ്പം വിവിധ വര്‍ണങ്ങളിലുള്ള പതാക ഉയര്‍ത്തും.

സോഷ്യല്‍ മീഡിയ ഉപയോഗിച്ചാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിനുള്ള പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ബാക്ക് ടു മര്‍ക്കസ് സ്‌കൂള്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പും 300 ഓളം വാട്‌സ് ആപ്പ് ഗ്രൂപ്പുകളും ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ ക്ലാസിനുമായി പ്രത്യേകം വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. പൂര്‍വ്വ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആറ് മാസങ്ങള്‍ക്കു മുമ്പ് ആരംഭിച്ചതായി ബാക്ക് ടു മര്‍ക്കസ് കോ ഓര്‍ഡിനേറ്റര്‍ സി.കെ മുഹമ്മദ് ഉനൈസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

സമ്മേളനത്തിന് മുന്നോടിയായി വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമങ്ങള്‍ നടന്നു. ദുബൈ, അബുദാബി, ജിദ്ദ, റിയാദ്, ദമാം, ഖത്തര്‍, കുവൈറ്റ്, ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അലൂംനി മീറ്റ് സംഘടിപ്പിച്ചിരുന്നു. ഗള്‍ഫില്‍ നിന്നു മൂന്ന് വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്തു പൂര്‍വ്വവിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

അമേരിക്ക, ലണ്ടന്‍ എന്നിവിടങ്ങളിലെ ചാപ്റ്ററുകളും പൂര്‍വ്വവിദ്യാര്‍ത്ഥികളെ പങ്കെടുക്കുന്നതിനായി പ്രവര്‍ത്തനം സംഘടിപ്പിച്ച് വരുന്നു. ബംഗളുരു, ചെന്നൈ, മുംബൈ, ദല്‍ഹി ചാപറ്ററുകളുടെ നേതൃത്വത്തിലും പ്രത്യേകം അലൂംനി മീറ്റുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ രോഗികളായവരെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെയും കണ്ടെത്തി അവരെ സഹായിക്കുന്നതിന് കൂടി പരിപാടി ലക്ഷ്യമിടുന്നുണ്ട്. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ 9447187420 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് മര്‍ക്കസ് ഹൈസ്‌കൂള്‍ അലൂംനി പ്രസിഡന്റ് അബ്ദുറഹിമാന്‍ ഇടക്കുനി അറിയിച്ചു.

സമ്മേളനത്തിന്റെ വിജയത്തിനു കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍ മുഖ്യരക്ഷാധികാരിയായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.