പഴകിത്തേഞ്ഞ കഥയും വായില്‍ കൊള്ളാത്ത ഡയലോഗും കാരണമാണ് ആ മോഹന്‍ലാല്‍ ചിത്രം പരാജയപ്പെട്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു: ബാബു നമ്പൂതിരി
Entertainment
പഴകിത്തേഞ്ഞ കഥയും വായില്‍ കൊള്ളാത്ത ഡയലോഗും കാരണമാണ് ആ മോഹന്‍ലാല്‍ ചിത്രം പരാജയപ്പെട്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു: ബാബു നമ്പൂതിരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th November 2024, 10:03 am

നാല് പതിറ്റാണ്ടിലധികമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ബാബു നമ്പൂതിരി. അധ്യാപകജോലിയില്‍ നിന്ന് നാടകത്തിലേക്കും അവിടുന്ന് നേരെ സിനിമയിലേക്കും എത്തിയ ബാബു നമ്പൂതിരിയുടെ ആദ്യ ചിത്രം 1978ല്‍ റിലീസായ യാഗമാണ്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അദ്ദേഹം പകര്‍ന്നാടി.

ബാബു നമ്പൂതിരിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് പ്രജയിലെ രാമവര്‍മ തിരുമല്‍പ്പാട്. രണ്‍ജി പണിക്കറിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍. വന്‍ ഹൈപ്പിലെത്തിയ ചിത്രം പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി. ചിത്രത്തിന്റെ പരാജയകാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ബാബു നമ്പൂതിരി.

നെടുനീളന്‍ ഡയലോഗുകളാണ് സിനിമയെ പിന്നോട്ടുവലിച്ച ഏറ്റവും പ്രധാന കാര്യമെന്ന് ബാബു നമ്പൂതിരി പറഞ്ഞു. പത്തും ഇരുപതും പേജാണ് ഒരു സീനെന്നും ഒരു ചെറുകഥ വായിക്കുന്ന സമയമാണ് ഒരു സീന്‍ വായിക്കാനെടുക്കുന്നതെന്നും ബാബു നമ്പൂതിരി കൂട്ടിച്ചേര്‍ത്തു. സിനിമ ഉണ്ടായ കാലം തൊട്ട് കണ്ടുവരുന്ന ഒരു തീമും പ്രജയുടെ ഡ്രോബാക്കായി തോന്നിയിട്ടുണ്ടെന്നും ബാബു നമ്പൂതിരി പറഞ്ഞു.

നായകന് ഏറ്റവും ഇഷ്ടമുള്ള ഒരാളെ വില്ലന്‍ കൊന്നതിനുള്ള പ്രതികാരമാണ് സിനിമയുടെ തീമെന്നും അതിന്റെ കൂടെ വായില്‍ കൊള്ളാത്ത ഡയലോഗുകളും കൂടിയായപ്പോള്‍ പ്രേക്ഷകര്‍ അത് കണ്ടുകൊണ്ടിരിക്കാന്‍ സാധ്യതയില്ലെന്ന് താന്‍ ജോഷിയോട് പറഞ്ഞിരുന്നെന്നും ബാബു നമ്പൂതിരി കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു ബാബു നമ്പൂതിരി.

‘പ്രജ എന്ന സിനിമയെ പിന്നോട്ടുവലിച്ച പ്രധാന കാര്യങ്ങളിലൊന്ന് അതിലെ ഡയലോഗുകളാണ്. പത്തും ഇരുപതു പേജ് ഡയലോഗായിരുന്നു ആ സിനിമയുടേത്. ഒരോ സീനും ഒരു ചെറുകഥ വായിക്കുന്ന സമയമെടുത്താണ് വായിച്ചുതീര്‍ത്തത്. ഷൂട്ടിന്റെ തലേദിവസമാണ് രണ്‍ജി പല ഡയലോഗുകളും എഴുതിയത്. ലാലൊക്കെ അസാധ്യ ആര്‍ട്ടിസ്റ്റായതുകൊണ്ട് അത്രയും ഡയലോഗ് സിമ്പിളായി പഠിച്ച് പ്രസന്റ് ചെയ്യും.

പക്ഷേ അതിന്റെ തീമെന്ന് പറയുന്നത് പഴകിത്തേഞ്ഞ ഒന്നാണ്. അതായത്, നായകന് ഒരുപാട് ഇഷ്ടമുള്ള ഒരാളെ വില്ലന്‍ കൊല്ലുന്നു. അതിന് നായകന്‍ പ്രതികാരം ചെയ്യുന്നു. സിനിമയുണ്ടായ കാലം മുതല്‍ കണ്ടുവരുന്ന കഥയാണ് ആ സിനിമയുടേത്. അതിന്റെ കൂടെ വായില്‍ കൊള്ളാത്ത ഡയലോഗ് കൂടിയാകുമ്പോള്‍ പ്രേക്ഷകര്‍ ആ സിനിമ കണ്ടുകൊണ്ടിരിക്കാന്‍ ചാന്‍സില്ലെന്ന് ജോഷിയോട് പറഞ്ഞിരുന്നു. സിനിമ റിലീസായ ശേഷവും പലരും ഈ പ്രശ്‌നം എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു,’ ബാബു നമ്പൂതിരി പറയുന്നു.

Content Highlight: Babu Namboothiri explains why Praja movie failed in box office