ഇപ്പോഴും എന്നെ കണ്ടാൽ പേടിയാണെന്ന് കാർത്തി പറഞ്ഞു, ലിയോ ക്രൂ മുഴുവൻ എന്റെ ഫാൻസ്‌ ആയിരുന്നു: ബാബു ആന്റണി
Entertainment
ഇപ്പോഴും എന്നെ കണ്ടാൽ പേടിയാണെന്ന് കാർത്തി പറഞ്ഞു, ലിയോ ക്രൂ മുഴുവൻ എന്റെ ഫാൻസ്‌ ആയിരുന്നു: ബാബു ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th June 2023, 7:51 pm

തന്നെ കണ്ടാൽ ഇപ്പോഴും ഭയമാണെന്ന് തമിഴ് നടൻ കാർത്തി പറഞ്ഞെന്ന് നടൻ ബാബു ആന്റണി. കാർത്തിയും സൂര്യയും ചെറുപ്പത്തിൽ തന്റെ ധാരാളം ചിത്രങ്ങൾ കണ്ടിട്ടുണ്ടെന്നും ഒരിക്കൽ നടൻ വിജയ് തന്റെ വലിയ ഫാൻ ആണെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എന്നെ ഇപ്പോഴും എല്ലാവർക്കും പേടിയാണ്. ശരിക്കും അങ്ങനൊരു പേടി നല്ലതാണ്, കാരണം നമ്മളോട് ഒരു ശല്യത്തിനും ആരും വരില്ലല്ലോ. പൊന്നിയിൻ സെൽവൻ സിനിമയുടെ പ്രൊമോഷന് വന്നപ്പോൾ കാർത്തി പറഞ്ഞു ‘ബാബു ചേട്ടനെ കണ്ടാൽ ഇപ്പോഴും പേടിയാണെന്ന്’. കാരണം കാർത്തിയും സൂര്യയുമൊക്കെ ‘പൂവിഴി വാസലിലെ’ ഒക്കെ കണ്ട് വളർന്നവരാണ്. അവർ ആ സിനിമയൊക്കെ കണ്ട് വല്ലാതെ പേടിച്ചുപോയിരുന്നെന്ന് പറഞ്ഞു.

ഞാൻ ഒരു ദിവസം വിജയ്‌യെ കണ്ടു. എന്റെ സിനിമകൾ കാണാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘പൂവിഴി വാസലിലെ, വിണ്ണൈ താണ്ടി വരുവായ അങ്ങനെ പല സിനിമകളുടെയും ലിസ്റ്റുകൾ അദ്ദേഹം എന്നോട് ഇങ്ങോട്ട് പറഞ്ഞു. ഞാൻ ചോദിച്ചു എന്റെ സിനിമകളൊക്കെ കാണാറുണ്ടല്ലേയെന്ന്. പുള്ളി എന്റെ വലിയ ഫാൻ ആണെന്ന് പറഞ്ഞു. അത് കൂടാതെ സംവിധായകൻ ലോകേഷ് എന്റെ ഫാൻ ആണെന്ന് പറഞ്ഞു. ലിയോ സിനിമയുടെ മൊത്തം ക്രൂ എന്റെ ഫാൻസ്‌ ആയിരുന്നു. അതിൽ നല്ല സന്തോഷം ഉണ്ട്. അവർക്കൊക്കെ ഞാൻ എങ്ങനെ പെരുമാറും എന്നൊക്കെയുള്ള നല്ല ഭയം ഉണ്ടായിരുന്നു,’ ബാബു ആന്റണി പറഞ്ഞു.

സിനിമകൾ ഒരു 20 വർഷത്തെ ഗ്യാപ്പിലാണ് ചെയ്തതെന്നും വളരെ കുറച്ച് സിനിമകൾ ചെയ്തിട്ടും തന്നെ ആളുകൾ ഓർത്തിരിക്കുന്നത് വളരെ അത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ സിനിമകൾ ചെയ്തത് ഒരു 20 വർഷത്തെ ഗ്യാപ്പിലാണ്. 25 വർഷത്തിൽ ഞാൻ പത്തോ പന്ത്രണ്ടോ സിനിമകൾ മാത്രമാണ് ചെയ്തത്, തമിഴും മലയാളവും ഉൾപ്പെടെ. മലയാളത്തിൽ ഉത്തമൻ, ഗ്രാൻഡ് മാസ്റ്റർ, ഇടുക്കി ഗോൾഡ്, കായംകുളം കൊച്ചുണ്ണി ഇങ്ങനെ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് ഞാൻ ഒരു 20 അല്ലെങ്കിൽ 25 വർഷത്തിൽ ചെയ്തിട്ടുള്ളത്. തമിഴിൽ കാക്ക മുട്ടൈ, വിണ്ണൈ താണ്ടി വരുവായ അങ്ങനെ ചില ചിത്രങ്ങൾ മാത്രമാണ് ചെയ്തത്. ഇത്രയും കുറച്ച് ചിത്രങ്ങൾ മാത്രം ചെയ്തിട്ടും ആളുകൾ എന്നെ ഓർത്തിരിക്കുന്നതിൽ എനിക്ക് അത്ഭുതമുണ്ട്. കായംകുളം കൊച്ചുണ്ണി കഴിഞ്ഞിട്ട് നാല് വർഷങ്ങൾക്ക് ശേഷമാണ് മദനോത്സവം ചെയ്തത്,’ ബാബു ആന്റണി പറഞ്ഞു.

Content Highlights: Babu Antony on Karthi