2024ലെ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ഡിണ്ഡികല്‍ ഡ്രാഗണ്‍സ് തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കിയിരുന്നു. ടീമിന്റെ ക്യാപ്റ്റനും ഇന്ത്യയുടെ മിന്നും താരവുമായ രവിചന്ദ്രന്‍ അശ്വിനാണ് ടീമിനെ വിജയത്തിലെത്തിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചത്. ലീഗിലെ അവസാന മൂന്ന് മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനമാണ് അശ്വിന്‍ നടത്തിയത്. ബൗളിങ്ങിലും താരം തിളങ്ങിയിരുന്നു.
നിലവില്‍ ഐ.പി.എല്ലില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് താരം കളിക്കുന്നത്. ഇപ്പോള്‍ തമിഴ്‌നാട് താരം ബാബ ഇന്ദ്രജിത് താരത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
താരത്തിന് മികച്ച ക്യാപ്റ്റന്‍സി ബ്രെയിന്‍ ഉണ്ടെന്നും ഐ.പി.എല്ലില്‍ ഒരു ക്യാപ്റ്റനായിക്കൊണ്ട് കിരീടം നേടാനുള്ള എല്ലാ കഴിവും താരത്തിനുണ്ടെന്നാണ് ബാബ പറയുന്നത്. ക്രിക്കറ്റ് ഡോട്ട് കോമിന് നല്‍കിയ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബാബ.
‘എല്ലാവരും അവനെ ഒരു ക്യാപ്റ്റനായി കാണുന്നുണ്ട്. അവന് നല്ല ക്രിക്കറ്റ് ബ്രെയിന്‍ ഉണ്ട്. എതിരാളികളേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കാനാണ് അശ്വിന്‍ എപ്പോഴും ശ്രമിക്കുന്നത്. അദ്ദേഹത്തിന് നേതൃഗുണമുണ്ട്. ഒരു ക്യാപ്റ്റനെന്ന നിലയില്‍ ഐ.പി.എല്‍ ട്രോഫി നേടണമെന്ന് അശ്വിന് ആഗ്രഹമുണ്ടെന്ന് എനിക്ക് തോന്നുന്നു,’ ഇന്ദ്രജിത്ത് പറഞ്ഞു.
ഇന്ത്യക്കുവേണ്ടി 100 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 3309 റണ്‍സ് നേടാന്‍ ഓള്‍ റൗണ്ടര്‍ക്ക് സാധിച്ചിട്ടുണ്ട്. അതില്‍ 516 വിക്കറ്റുകളും സ്വന്തമാക്കി ചരിത്രം കുറിക്കാനും അശ്വിന് കഴിഞ്ഞു. ഏകദിനത്തില്‍ ഇന്ത്യയ്ക്കുവേണ്ടി 156 വിക്കറ്റും 72 വിക്കറ്റും താരം നേടിയിട്ടുണ്ട്. ഐ.പി.എല്ലില്‍ ഇതുവരെ 211 മത്സരങ്ങളില്‍ നിന്നും 180 വിക്കറ്റുകള്‍ നേടിയപ്പോള്‍ 800 റണ്‍സ് സ്വന്തമാക്കാനും അശ്വിന് കഴിഞ്ഞു.
Content Highlight: Baba Indrajith Talking About R. Ashwin