ഇംഗ്ലണ്ടിനെതിരെ മൂന്ന് അര്‍ധസെഞ്ച്വറിയും ന്യൂസിലാന്‍ഡിനെതിരെ 150 റണ്‍സും, എന്നിട്ടും അവനെ ഒഴിവാക്കി: സഞ്ജയ് മഞ്ജരേക്കര്‍
Sports News
ഇംഗ്ലണ്ടിനെതിരെ മൂന്ന് അര്‍ധസെഞ്ച്വറിയും ന്യൂസിലാന്‍ഡിനെതിരെ 150 റണ്‍സും, എന്നിട്ടും അവനെ ഒഴിവാക്കി: സഞ്ജയ് മഞ്ജരേക്കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 9th January 2025, 7:51 pm

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉണ്ടായിരുന്നെങ്കിലും കളത്തില്‍ ഇറങ്ങാന്‍ സാധിക്കാതെ പോയ യുവ ബാറ്ററാണ് സര്‍ഫറാസ് ഖാന്‍. ആഭ്യന്തര മത്സരങ്ങളില്‍ മിന്നും പ്രകടനം കാഴ്ചവെച്ച സര്‍ഫറാസ് ഇംഗ്ലംണ്ടിനെതിരെയുള്ള ഹോംടെസ്റ്റ് പരമ്പര മുതല്‍ മിന്നും പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

യുവ താരത്തിന് ഓസീസിനെതിരെയുള്ള പരമ്പരയിലെ ഒരു മത്സരത്തില്‍ പോലും അവസരം നല്‍കാത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ സഞ്ജയ് മഞ്ജരേക്കര്‍. ഇ.എസ്.പിഎന്‍.ഇന്‍ഫോയില്‍ നടന്ന ചര്‍ച്ചയിലാണ് സര്‍ഫറാസിനെ അവഗണിച്ചതിനെക്കുറിച്ച് സഞ്ജയ് സംസാരിച്ചത്.

‘രഞ്ജി ട്രോഫിയിലെ റെക്കോഡ് കാരണമാണ് സര്‍ഫറാസ് ഖാന് ടെസ്റ്റ് ക്രിക്കറ്റില്‍ അവസരം ലഭിച്ചത്. ഇംഗ്ലണ്ടിനെതിരെ മൂന്ന് അര്‍ധ സെഞ്ച്വറികളും പിന്നീട് ന്യൂസിലാന്‍ഡിനെതിരെ ഒരു ഇന്നിങ്സില്‍ 150 റണ്‍സും നേടി. എന്നിരുന്നാല്‍ പിന്നീടുള്ള അവസരങ്ങളില്‍ അവന് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അവന്‍ പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ടു.

ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ സര്‍ഫറാസ് റണ്‍സ് സ്‌കോര്‍ ചെയ്‌തേക്കില്ലെന്ന് നിങ്ങള്‍ കരുതിയത് ശരിയല്ല. അവന് തേഡ്മാന്‍ മേഖലയില്‍ റണ്‍സ് നേടാന്‍ സാധിക്കുമായിരുന്നു. ഇംഗ്ലണ്ടിനെതിരെ അദ്ദേഹം എങ്ങനെ കളിച്ചുവെന്ന് നമ്മള്‍ എല്ലാവരും കണ്ടു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് അവസരം നല്‍കണം,’ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി ആറ് ടെസ്റ്റ് മത്സരത്തിലെ 11 ഇന്നിങ്‌സില്‍ നിന്ന് 150 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറോടെ 371 റണ്‍സാണ് സര്‍ഫറാസ് നേടിയത്. ഫസ്റ്റ് ക്ലാസില്‍ 54 മത്സരത്തില്‍ നിന്ന് 4593 റണ്‍സും 301* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. ലിസ്റ്റ് എയില്‍ 37 മത്സരത്തില്‍ നിന്ന് 629 റണ്‍സും ടി-20യില്‍ 96 മത്സരത്തില്‍ നിന്ന് 1188 റണ്‍സും സര്‍ഫറാസ് സ്വന്തമാക്കിയിട്ടുണ്ട്.

Content Highlight: Sanjya Manjrekar Support Indian Player Sarfaraz Khan