തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന ഡിവൈ.എസ്.പിയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ ആര്‍.എസ്.സനല്‍കുമാറിനെ കേസില്‍ പ്രതിചേര്‍ത്തു.[]
തിരുവനന്തപുരത്തെ ബി.എസ്.എന്‍.എല്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഓഫീസിലെ ജൂനിയര്‍ അക്കൗണ്ടന്റായ സനല്‍ ഡി.വൈ.എസ്.പി. ജോസി ചെറിയാന്റെ ഫോണ്‍ വിവരങ്ങളാണ് ചോര്‍ത്തിയത്. ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ സൂക്ഷിക്കുന്ന കമ്പ്യൂട്ടറിലെ വിവരങ്ങളാണ് ഇയാള്‍ ചോര്‍ത്തി നല്‍കിയത്.
ലാന്‍ഡ് ഫോണുകളുടെ വിഭാഗത്തിലാണ് സനല്‍കുമാര്‍ പ്രവര്‍ത്തിക്കുന്നത്. ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ സംസ്ഥാനത്തെ 35 ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ലഭ്യമാകുകയുള്ളു. ഇവരുടെ കമ്പ്യൂട്ടര്‍ അക്കൗണ്ടുകള്‍ പരിശോധിച്ചാണ് സനല്‍കുമാറിനെ പിടികൂടിയത്.
ചോര്‍ന്ന വിവരങ്ങള്‍ ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ചിരുന്നത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. രണ്ട് പോലീസുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തതെന്നായിരുന്നു സനല്‍ മൊഴി നല്‍കിയത്.