തൃശൂര്‍: തെരഞ്ഞെടുപ്പ് ഫലം വരുംമുന്‍പേ തോല്‍വിയുറപ്പിച്ച് തൃശൂര്‍ കോര്‍പ്പറേഷനിലെ ബി.ജെ.പിയുടെ മേയര്‍ സ്ഥാനാര്‍ഥിയായ ബി. ഗോപാലകൃഷ്ണന്‍.
തൃശൂര്‍ കോര്‍പ്പറേഷനില്‍ വ്യാപകമായി വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്നാണ് ഗോപാലകൃഷ്ണന്റെ ആരോപണം. തൃശൂര്‍ കോര്‍പ്പറേഷന്‍ രണ്ടാം ഡിവിഷനില്‍ മത്സരിച്ച തനിക്കെതിരെ സി.പി.ഐ.എം കോണ്‍ഗ്രസിന് വോട്ടു മറിച്ചെന്നും ഇതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നുമാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്.
‘ഞാന്‍ മത്സരിച്ച ഡിവിഷനില്‍ 283 വോട്ട് കോണ്‍ഗ്രസിന് നല്‍കി, മൂന്നാം ഡിവിഷനില്‍ സി.പി.ഐ.എമ്മിന് മറുപടിയായി 150 വോട്ട് കോണ്‍ഗ്രസ് കൊടുത്തതിനും തെളിവുകള്‍ ഉണ്ട്. സി.പി.ഐ.എം-കോണ്‍ഗ്രസ് വോട്ടു കച്ചവടമാണ് ഈ തെരഞ്ഞെടുപ്പില്‍ നടന്നതെങ്കില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇവര്‍ സഖ്യമായി മാറുമെന്ന് ഉറപ്പാണ്’ എന്നായിരുന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞത്.
പരസ്പരം വോട്ട് കച്ചവടം നടത്തി ബി.ജെ.പിയുടെ വിജയം തടയാന്‍ ശ്രമിക്കുകയാണിവരെന്നും മുസ്‌ലിം തീവ്രവാദികളുമായി പോലും സി.പി.ഐ.എമ്മും കോണ്‍ഗ്രസും സഖ്യം ഉണ്ടാക്കിയെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
കോണ്‍ഗ്രസും സി.പി.ഐ.എമ്മും തീവ്രവാദികളുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കിയതിന്റെ തെളിവാണ് കെ.മുരളീധരന്റെ പ്രസ്താവന, മുഖ്യമന്ത്രിയുടെ പ്രസ്താവനയും ഇതില്‍ നിന്നും വ്യത്യസ്തമല്ല.
തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഇമ്രാന്‍ ഖാന്റേയും പാക്കിസ്ഥാന്റേയും വോട്ടും സഹായവും തേടുന്ന തരത്തില്‍ ഇരുപാര്‍ട്ടികളും അധഃപതിച്ചിരിക്കുന്നതിന്റെ തെളിവാണ് കെ.മുരളീധരന്റേയും മുഖ്യമന്ത്രിയുടേയും പ്രസ്താവനയെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക