250 സ്ട്രൈക്ക് റേറ്റ്, അടിയോടടി; 18 പന്തിൽ റെക്കോഡുമായി പാക് കരുത്ത്
Cricket
250 സ്ട്രൈക്ക് റേറ്റ്, അടിയോടടി; 18 പന്തിൽ റെക്കോഡുമായി പാക് കരുത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 4th February 2024, 9:19 am

ഇന്റര്‍നാഷണല്‍ ടി-20 ലീഗില്‍ ഗള്‍ഫ് ജയന്റ്‌സിന് ജയം. ഡെസേര്‍ട്ട് വൈപ്പേഴ്‌സിനെ ആറ് വിക്കറ്റുകള്‍ക്കാണ് ഗള്‍ഫ് ജയന്റ്‌സ് പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ഡെസേര്‍ട്ട് വൈപ്പേഴ്‌സിന് വേണ്ടി പാകിസ്ഥാന്‍ താരം അസം ഖാന്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 20 പന്തില്‍ പുറത്താവാതെ 50 റണ്‍സ് നേടിയിരുന്നു അസം ഖാന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. അഞ്ച് ഫോറുകളും നാല് സിക്‌സറുകളുമാണ് പാകിസ്ഥാന്‍ താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 250 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.

ഈ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് അസമിനെ തേടിയെത്തിയത്. ഇന്റര്‍നാഷണല്‍ ലീഗ് ടി-20യില്‍ ഏറ്റവും വേഗത്തില്‍ ഫിഫ്റ്റി നേടുന്ന താരം എന്ന നേട്ടത്തിലേക്കാണ് അസം ഖാന്‍ കാലെടുത്തുവെച്ചത്. 18 പന്തില്‍ നിന്നാണ് അസം ഖാന്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഇന്റര്‍നാഷണല്‍ ലീഗ് ടി-20യില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ താരങ്ങള്‍, പന്തുകള്‍ എന്നീ ക്രമത്തില്‍

അസം ഖാന്‍-18

കെയ്‌റോണ്‍ പൊള്ളാര്‍ഡ്-19

കോഹ്ലെര്‍ കാഡ്‌മോര്‍-19

വനിന്ദു ഹസരങ്ക-21

ഫ്രാസര്‍ മകര്‍ക്ക്-21

ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഡെസേര്‍ട്ട് വൈപ്പേഴ്‌സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഗള്‍ഫ് ജയന്റ്‌സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് ആണ് നേടിയത്. ജയന്റ്‌സ് ബാറ്റിങ് നിരയില്‍ ഷിംറോണ്‍ ഹെറ്റ്‌മെയ്ര്‍ 23 പന്തില്‍ പുറത്താവാതെ 40 റണ്‍സും ക്രിസ് ലിന്‍ 27 പന്തില്‍ 31 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

ഡെസേര്‍ട്ട് ബൗളിങ്ങില്‍ മുഹമ്മദ് അമീര്‍ മൂന്ന് വിക്കറ്റും വനിന്ദു ഹസരങ്ക, മതീശ പതിരാനാ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡെസേര്‍ട്ട് 16.5 ഓവറില്‍ ആറ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു. വൈപ്പേഴ്‌സ് ബാറ്റിങ് നിരയില്‍ അസം 50 റണ്‍സും നായകന്‍ കോളിന്‍ മണ്‍റോ 36 പന്തില്‍ 51 റണ്‍സും അലക്‌സ് ഹില്‍സ് 30 പന്തില്‍ 44 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ വിജയലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു.

ജയത്തോടെ പോയിന്റ് പട്ടികയില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവും നാല് തോല്‍വിയും അടക്കം ആറ് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് വൈപ്പേഴ്‌സ്.

Content Highlight: Azam Khan create a new record in International league T20.