World News
ആദ്യം അവർ എന്റെ ഭർത്താവിനെ കൊണ്ടുപോയി, ഇപ്പോൾ വർഷങ്ങൾക്ക് ശേഷം എന്റെ മകളെ കാണാൻ അതേ ജയിലിന് മുന്നിൽ നിൽക്കേണ്ടിവരുന്നു: ബലൂച് മനുഷ്യാവകാശപ്രവർത്തക മഹ്രങ്ങിന്റെ മാതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 02, 11:07 am
Wednesday, 2nd April 2025, 4:37 pm

കറാച്ചി: ബലൂചിസ്ഥാനിലെ നിർബന്ധിത തിരോധാനങ്ങൾക്കെതിരെ പ്രതികരിക്കുന്ന മനുഷ്യാവകാശ പ്രവർത്തകനായ മഹ്രാങ് ബലൂചിന്റെ അറസ്റ്റിൽ പ്രതികരിച്ച് മാതാവും സഹോദാരിയും.

‘ആദ്യം അവർ എന്റെ ഭർത്താവിനെ പിടിച്ചുകൊണ്ട് പോയി. ഇവർ കുട്ടികളായിരുന്നപ്പോൾ ഞാൻ ഇവർക്കൊപ്പം ഇവിടെ നിന്നു. വർഷങ്ങൾ കടന്നുപോയി, പക്ഷേ അനീതി അതേപടി തുടരുന്നു. ഇവരുടെ സഹോദരിയെ, എന്റെ മകൾ, മഹ്രങ്ങിനെ കാണാൻ ആവശ്യപ്പെട്ട് ഞങ്ങൾ വീണ്ടും എട്ട് മണിക്കൂർ ജയിലിന് പുറത്ത് നിൽക്കുന്നു,’ മഹ്രങ്ങിന്റെ മാതാവ് നാദിയ പറഞ്ഞു.

ബലൂചിസ്ഥാനിലെ നിർബന്ധിത തിരോധാനങ്ങൾക്കെതിരെ പ്രതികരിക്കുന്ന മനുഷ്യാവകാശ പ്രവർത്തകയായ മഹ്രങ് ബലൂചിനെ മാർച്ച് 22നായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ബലൂച് യാക്ജെഹ്തി കമ്മിറ്റിക്കെതിരായ അടിച്ചമർത്തലിനും സിവിലിയന്മാരെ കൊല്ലുന്നതിനുമെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.

താൻ ഒരു കുട്ടിയായിരിക്കുമ്പോൾ തങ്ങളുടെ പിതാവ് അബ്ദുൾ ഗഫാർ ലാംഗോവിനെ തട്ടിക്കൊണ്ടുപോയി ജയിലിലടച്ചുവെന്നും ഇപ്പോൾ തന്റെ സഹോദരിയെയും ഭരണകൂടം അറസ്റ്റ് ചെയ്‌തെന്ന് മഹ്രങ്ങിന്റെ സഹോദരി നാദിയ ബലോച്ച് പറഞ്ഞു.

‘കുട്ടിയായിരിക്കുമ്പോൾ ഞങ്ങളുടെ പിതാവിനെ അവർ അറസ്റ്റ് ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ വെടിയുണ്ടകൾ തറച്ച മൃതദേഹം കണ്ടെത്തി. ഇപ്പോൾ ഞങ്ങൾ അദ്ദേഹത്തെ ഒരിക്കൽ തടവിലാക്കിയിരുന്ന അതേ ക്വറ്റ ജയിലിന് പുറത്ത് കാത്തിരിക്കുകയാണ്, എന്റെ മൂത്ത സഹോദരി മഹ്‌റങ്ങിനെ കാണാൻ അനുവാദിക്കാനാവുമെന്ന് പൊലീസിനോട് ഞങ്ങൾ അപേക്ഷിച്ചുകൊണ്ടിരിക്കുകയാണ്,’ നാദിയ പറഞ്ഞു.

ശക്തമായത് പോരാട്ടത്തിനൊരുങ്ങുകയാണ് നാദിയ. ബലൂച് ജനതയ്ക്ക് നീതി ലഭിക്കുന്നതിനായി അവർ അഭിഭാഷകയായി പരിശീലനം നേടി. നദിയയുടെ ആദ്യ കേസ് മഹ്രങ്ങിന്റെ മോചനത്തിനുവേണ്ടിയാണ്.

അറസ്റ്റിനിടെ മഹ്രങ്ങിനെ പൊലീസ് കൈയേറ്റം ചെയ്തുവെന്ന് നാദിയ പറഞ്ഞു. ജയിലിൽ വെച്ച് മഹ്രങ് ഒരുപാട് തവണ ഛർദിച്ചെന്നും മഹ്രങ്ങിന്റെ ഭക്ഷണത്തിൽ വിഷം കലർത്തിയിട്ടുണ്ടോയെന്ന് തങ്ങൾ ഭയന്നതായും നാദിയ പറഞ്ഞു.

മഹ്രങ്ങിന് വൈദ്യസഹായം ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് അവർ ചോദിച്ചപ്പോൾ, ഡോക്ടർ വെള്ളിയാഴ്ച പ്രാർത്ഥന നടത്താൻ പോയിരിക്കുകയാണെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ മറുപടി നൽകിയതെന്നും നാദിയ കൂട്ടിച്ചേർത്തു.

2024ൽ ടൈം മാഗസിൻ പുറത്തിറക്കിയ 100 വളർന്നുവരുന്ന നേതാക്കളുടെ പട്ടികയിൽ ഇടം നേടിയ മഹ്രങ്, 2025ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെട്ടവരിൽ ഒരാളാണ്. കോടതി അനുമതി ഉണ്ടെങ്കിൽ പോലും, സഹോദരിയെ കാണാൻ ശ്രമിക്കുമ്പോഴെല്ലാം പൊലീസ് അഞ്ച് മണിക്കൂറിലധികം ജയിലിന് പുറത്ത് നിർത്തുമെന്നും നാദിയ പറഞ്ഞു.

‘ജയിലിനുള്ളിലെ എല്ലാം നിയന്ത്രിക്കുന്നത് സുരക്ഷാ ഏജൻസികളാണ്. ജയിൽ സംവിധാനം മാത്രമല്ല, ജനാധിപത്യ സർക്കാരും ജുഡീഷ്യറിയും അവരാണ് നിയന്ത്രിക്കുന്നത്,’ നാദിയ പറഞ്ഞു.

ബലൂചിസ്ഥാനിലെ മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ബലൂച് യാക്ജെഹ്തി കമ്മിറ്റി (BYC)യിലെ ഒരു പ്രധാന വ്യക്തിയാണ് മഹ്രങ്. 2023 നവംബറിൽ, അധിക ജുഡീഷ്യൽ കൊലപാതകങ്ങൾക്കും നിർബന്ധിത തിരോധാനങ്ങൾക്കുമെതിരെ ഡോ. മഹ്രങ് ബലൂച്ച്, ബലൂച് ലോങ് മാർച്ചിന് നേതൃത്വം നൽകിയിരുന്നു. 2024 ജൂലൈയിൽ ബലൂചിസ്ഥാനിലെ ഗ്വാദറിൽ നടന്ന ബലൂച് നാഷണൽ ഗാതറിംഗിന്റെ ഭാഗവുമായിരുന്നു മഹ്രങ്. അന്നത്തെ ഗാതറിങ് സുരക്ഷാ സേനയും പൊലീസും ക്രൂരമായി അടിച്ചമർത്തി.

2025 മാർച്ച് 22ന് പുലർച്ചെ 5.30 ന്, പൊലീസ് അതിക്രമത്തിനെതിരെയും 2025 മാർച്ച് 20ന് നടത്തിയ ബലൂച് മനുഷ്യാവകാശ സംരക്ഷകരുടെ അറസ്റ്റിനെതിരെയും പ്രതിഷേധിച്ച് സമാധാനപരമായി നടത്തിയ കുത്തിയിരിപ്പ് സമരത്തിനിടെ ബലൂചിസ്ഥാൻ പൊലീസ് ഡോ. മഹ്‌റാങ് ബലൂച്ചിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

Content Highlight: First, they imprisoned your father, and I stood here with all of you when you were just children. Now years have passed, but the injustice remains the same