തിരുവനന്തപുരം: അമ്മയറിയാതെ കുട്ടിയെ കടത്തിയ വിഷയത്തിലുള്ള ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്റെ വിശദീകരണത്തിന് മറുപടിയുമായി സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഡോ. ആസാദ്.
പച്ച മഷിയില്‍ ഒപ്പിട്ട ഒരു പത്രക്കുറിപ്പുകൊണ്ട് അവാസ്തവം വാസ്തവമാവില്ലെന്നും ശിശുക്ഷേമസമിതിയെ ആരൊക്കെയോ അപമാനിക്കുന്നുവെന്നും അതിന്റെ ഉന്നതമായ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തിക്കാണിക്കുന്നുവെന്നും പരാതി പറയാന്‍ നാണമാവുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.
‘കേരള ശിശുക്ഷേമ സമിതിയുടെ അന്തസ്സിനെക്കുറിച്ച് ഷിജുഖാന്‍ പറയരുത്. പച്ച മഷിയില്‍ ഒപ്പിട്ട ഒരു പത്രക്കുറിപ്പുകൊണ്ട് അവാസ്തവം വാസ്തവമാവില്ല. പൊതു സമൂഹത്തില്‍ ശിശുക്ഷേമസമിതിയെ ആരൊക്കെയോ അപമാനിക്കുന്നുവെന്നും അതിന്റെ ഉന്നതമായ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തിക്കാണിക്കുന്നുവെന്നും പരാതി പറയാന്‍ നാണമാവുന്നില്ലേ? ഷിജുഖാന്‍, താങ്കളാണതു ചെയ്തത്.
മഹത്തായ ഒരു സ്ഥാപനത്തെയും ലക്ഷ്യത്തെയും താങ്കള്‍ അവഹേളിച്ചു. അവിടെയിരുന്നു ലജ്ജയോ കുറ്റബോധമോ ഇല്ലാതെ അതു തുടരുന്നു!,’ ആസാദ് പറഞ്ഞു.
ദത്തു നല്‍കാനുള്ള അനുവാദമുണ്ട് സമിതിക്കെന്നും അങ്ങനെയൊരു ലൈസന്‍സില്ല എന്ന ആക്ഷേപം അപമാനകരമാണെന്നും ഷിജുഖാന്‍ പറയുന്നു. അതാണ് അദ്ദേഹത്തെ പൊള്ളിച്ചത്! ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടെങ്കില്‍ നിയമം പാലിക്കാതെ ഏതു വഴിക്കും വണ്ടി ഓടിക്കാമോ? ഏത് അനുവാദപത്രവും ആര്‍ക്കും ലഭിക്കുന്നത് നിയമത്തിനകത്ത് പ്രവര്‍ത്തിക്കാനാണ്.
അമ്മയുടെ(അനുപമയുടെ) പരാതി ലഭിച്ചിട്ടും എങ്ങനെ ഏത് അനുവാദപത്രത്തിന്റെ പിന്‍ബലത്തില്‍ ദത്തു കൊടുത്തു എന്നാണ് താങ്കള്‍ പറയേണ്ടത്. നിയമം ലംഘിച്ചുള്ള ദത്ത് മനുഷ്യക്കടത്തല്ലെങ്കില്‍ അത് എന്താണ് എന്നുകൂടി ഷിജുഖാന്‍ പറയണമെന്നും ആസാദ് പറഞ്ഞു.
കുടുംബ കോടതി ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയില്ലെന്ന് മാധ്യമങ്ങള്‍ പറഞ്ഞ ലൈസന്‍സ് ഉണ്ടെന്നാണ് ശിശുക്ഷേമ സമിതി അവകാശപ്പെടുന്നത്. കോടതിയെ ബഹുമാനിക്കാത്തവര്‍ പൊതുസമൂഹത്തെ ബഹുമാനിക്കുമെന്നും ആ കോപ്പി പുറത്തു വിടുമെന്നും പ്രതീക്ഷിക്കാന്‍ കഴിയില്ലല്ലോ. സാങ്കേതിക കാര്യങ്ങളില്‍ ഓഫീസ് രേഖകള്‍ ശരിയാക്കിയാല്‍ മതിയാവും. എന്നാല്‍ ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്ക്കാന്‍ ശിശുക്ഷേമ സമിതി ഭാരവാഹികള്‍ക്കു കഴിയില്ല. അതിന്റെ ശിക്ഷ അവര്‍ നേരിട്ടേ മതിയാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദത്ത് വിഷയത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കഴിഞ്ഞ ദിവസം ഷിജുഖാന്‍ തള്ളിയിരുന്നു. ശിശു ക്ഷേമ സമിതിയെ പൊതുജന മധ്യത്തില്‍ അപമാനിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും സമിതിക്കെതിരെയുള്ള കുപ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ പറഞ്ഞിരുന്നു.
ശിശു ക്ഷേമ സമിതിക്ക് ദത്ത് നല്‍കാന്‍ ലൈസന്‍സില്ല എന്ന ആരോപണം തെറ്റാണ്. സംസ്ഥാന സര്‍ക്കാര്‍ 2017 ഡിസംബര്‍ 20ന് അനുവദിച്ച രജിസ്ട്രേഷന് 2022 ഡിസംബര്‍ വരെ കാലാവധിയുണ്ട്.ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2015 സെക്ഷന്‍ 41 പ്രകാരമാണ് സമിതി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
CONTENT HIGHLIGHTS: Azad Malayattil responds to Shijukhan, General Secretary, Child Welfare Committee, on child abduction without the mother’s knowledge