രാമക്ഷേത്ര ട്രസ്റ്റിന് വിദേശ ഫണ്ട് സ്വീകരിക്കാന്‍ അനുമതി
ന്യൂദല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് വിദേശ ഫണ്ട് സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി.
ആഭ്യന്തര മന്ത്രാലയത്തിന്റെ എഫ്.സി.ആര്‍.എ 2010 ചട്ടപ്രകാരമാണ് വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് രാമക്ഷേത്ര ട്രസ്റ്റിന് അനുമതി നല്‍കിയത്. വിദേശ സ്രോതസ്സുകളില്‍ നിന്ന് സംഭാവന സ്വീകരിക്കാവുന്ന ട്രസ്റ്റായി രാമക്ഷേത്ര ട്രസ്റ്റിനെ എഫ്.സി.ആര്‍.എ രജിസ്റ്റര്‍ ചെയ്തു.
അംഗീകൃത സംഘടനകള്‍ക്കോ ട്രസ്റ്റുകള്‍ക്കോ സേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡല്‍ഹി സന്‍സദ് മാര്‍ഗിലെ ബ്രാഞ്ചില്‍ എഫ്.സി.ആര്‍.എ അക്കൗണ്ട് വഴി മാത്രമേ ഫണ്ട് സ്വീകരിക്കാവൂ എന്നാണ് നിലവിലെ വ്യവസ്ഥ.
ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന ട്രസ്റ്റ് ജൂണില്‍ എഫ്.സി.ആര്‍.എ രജിസ്‌ടേഷന് അപേക്ഷിച്ചിരുന്നു.
മാര്‍ച്ച് 23 വരെയുള്ള ഏഴ് മാസത്തിനുള്ളില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന 100 ഓളം സംഘടനകള്‍ക്ക് അവരുടെ എഫ്.സി. ആര്‍.എ രജിസ്‌ടേഷന്‍ നഷ്ടമായിരുന്നു. ഇതില്‍ മതര്‍ തെരേസ മിഷണറി ചാരിറ്റി, ഓക്‌സ് ഫാം ഇന്ത്യ, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവ ഉള്‍പ്പെടുന്നു.
2020 ആഗസ്റ്റോടെ ആരംഭിച്ച രാമക്ഷേത്ര നിര്‍മാണത്തിന്റെ ആദ്യഘട്ടം 2024 പൂര്‍ത്തിയാകുമെന്ന് ട്രസ്റ്റ് അറിയിച്ചു.
content highlight: Ayodhya Ram temple trust gets foreign funding licence