World News
ഓസ്ട്രിയയില്‍ ലോക്ഡൗണ്‍; യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 19, 03:31 pm
Friday, 19th November 2021, 9:01 pm

വിയന്ന: യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. രോഗം പടര്‍ന്നുപിടിച്ചതോടെ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനൊരുങ്ങുകയാണ്.

വാക്സിനേഷന്റെ പ്രധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ തങ്ങള്‍ വിജയിച്ചില്ലെന്ന് ഓസ്ട്രിയന്‍ ചാന്‍സലര്‍ അലക്സാണ്ടര്‍ ഷാലെന്‍ബര്‍ പറഞ്ഞു. തിങ്കളാഴ്ച മുതലാണ് ലോക്ഡൗണ്‍ വരുന്നത്. ഫെബ്രുവരി ഒന്നിനകം സമ്പൂര്‍ണ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂറോപ്പില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ ഓസ്ട്രിയയിലാണെന്നാണ് പുറത്തുവരുന്ന
റിപ്പോര്‍ട്ടുകള്‍. ഏഴ് ദിവസത്തിനിടെ 100,000 പേരില്‍ 991 പേര്‍ എന്നതാണ് ഇവിടെ കൊവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം.

ഓസ്ട്രിയന്‍ ജനതയുടെ മൂന്നില്‍ രണ്ടുപേരാണ് ഇതുവരെ വാക്സിനേഷന്‍ സ്വീകരിച്ചത്. പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

അതേസമയം, യൂറോപ്പിലാകമാനം കൊവിഡ് കേസുകള്‍ ഉയര്‍ന്നതോടെ വിവിധ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

നെതര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ജര്‍മനി, ചെക് റിപ്പബ്ലിക്, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങള്‍ വാക്സിനെടുക്കാത്തവര്‍ക്ക് പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജര്‍മനിയിലും ഉടന്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കൊവിഡിന്റെ നാലാം തരംഗം വ്യാപിച്ചതോടെ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ജര്‍മന്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ പറഞ്ഞു. സാമൂഹ്യ സമ്പര്‍ക്കം കുറക്കയണമെന്നും വാക്സിനേഷന്‍ സ്വീകരിച്ചതുകൊണ്ട് മാത്രം കൊവിഡിനെ തടഞ്ഞുനിര്‍ത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Austria reimposes Covid lockdown from Monday