മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കൊവിഡ് വാക്‌സിനെതിരെ കാണികള്‍ ഉയര്‍ത്തിയ പ്രതിഷേധത്തില്‍ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. കാണികളുടെ പ്രവൃത്തി അറപ്പുളവാക്കുന്നതാണ് എന്നായിരുന്നു ര്‍ക്കാരിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ചായിരുന്നു കാണികള്‍ വാക്‌സിനെതിരെ പ്രതിഷേധമുയര്‍ത്തിയത്. ആഗോള തലത്തില്‍ നടക്കുന്ന കൊവിഡ് വാക്‌സിനേഷന്‍ നടപടികള്‍ ശുഭപ്രതീക്ഷ നല്‍കുന്നുവെന്ന് ചടങ്ങിലെത്തിയ അതിഥി പറഞ്ഞതിന് പിന്നാലെ കാണികള്‍ കളിയാക്കി കൂവുകയായിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
‘ഏത് പരിപാടിയിലും കളിയാക്കി കൂവുന്നത് എനിക്ക് ഇഷ്ടമല്ല, പ്രത്യേകിച്ച് കായികമത്സരങ്ങളില്‍. ഇനി, ഈ വാക്‌സിനാണ് കൊവിഡിന് മുന്‍പുണ്ടായിരുന്ന സാധാരണ സ്ഥിതിയിലേക്ക് നമ്മളെ തിരിച്ചുകൊണ്ടുപോകുകയെന്ന് മറക്കരുത്,’ ഉപപ്രധാനമന്ത്രിയായ മൈക്കിള്‍ മക്‌കോര്‍മാക് പ്രതികരിച്ചു.
രാജ്യവ്യാപകമായി കൊവിഡ് വാക്‌സിനേഷന്‍ പരിപാടി ആരംഭിക്കാനിരിക്കേ ജനങ്ങളുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന ഇത്തരം പ്രതികരണങ്ങള്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന് ആശങ്കയായിട്ടുണ്ട്. രാജ്യത്ത് വ്യാപകമാകുന്ന വാക്‌സിന്‍ വിരുദ്ധ പ്രചാരണം മുഴുവന്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ഏറെ ദോഷകരമായി ബാധിക്കുമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ആരംഭിച്ച ആദ്യ ഘട്ട വാക്‌സിനേഷനില്‍ കൊവിഡ് മുന്‍നിര പോരാളികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കുത്തിവെപ്പ് നടത്തിവരുന്നത്. ഫൈസര്‍ വാക്‌സിനാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്.
ഞായറാഴ്ച നടന്ന പുരുഷ സിംഗിള്‍സ് ഫൈനലില്‍ റഷ്യയുടെ ഡാനില്‍ മെദ്‌വെദേവിനെ തോല്‍പ്പിച്ചുകൊണ്ട് നൊവാക് ജോക്കോവിച്ചാണ് കിരീടം ചൂടിയത്. കൊവിഡ് നിയന്ത്രണങ്ങളോട് അലസമായ സമീപനം സ്വീകരിക്കുന്ന ജോക്കോവിച്ചിനെ പിന്തുണക്കുന്നതിന്റെ കൂടി ഭാഗമായിരുന്നു വാക്‌സിനെതിരെയുള്ള കൂവിവിളിയെന്നാണ് ചില പ്രതികരണങ്ങള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക