ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് തോല്‍വി. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 25 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടാണ് ഇന്ത്യ തലകുനിച്ചു നില്‍ക്കുന്നത്.
സ്‌കോര്‍
ന്യൂസിലാന്‍ഡ്: 235 & 174
ഇന്ത്യ: 263 & 121 (T: 147)
ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടിയതിന് പിന്നാലെയാണ് ഇന്ത്യ മൂന്നാം ടെസ്റ്റില്‍ പരാജയം സമ്മതിച്ചത്.
#TeamIndia came close to the target but it’s New Zealand who win the Third Test by 25 runs.
ഈ തോല്‍വിക്ക് പിന്നാലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. നിലവില്‍ ഓസ്‌ട്രേലിയക്ക് താഴെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
(പോയിന്റ് പട്ടികയുടെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ചെയ്യുക)
ന്യൂസിലാന്‍ഡിനെതിരായ പരമ്പരക്ക് മുമ്പ് വ്യക്തമായ ആധിപത്യം പോയിന്റ് പട്ടികയില്‍ ഇന്ത്യക്കുണ്ടായിരുന്നു. 71.67 എന്ന മികച്ച പോയിന്റ് ശതമാനമാണ് ഇന്ത്യക്കുണ്ടായിരുന്നത്. ഓസ്‌ട്രേലിയക്കാകട്ടെ 62.50 ശതമാനവും.
എന്നാല്‍ പരമ്പര കിവികള്‍ വൈറ്റ് വാഷ് ചെയ്തതോടെ ഇന്ത്യയുടെ പോയിന്റ് ശതമാനം 58.33ലേക്ക് കൂപ്പുകുത്തി. രണ്ടാം സ്ഥാനത്തേക്കും ഇന്ത്യ കാലിടറി വീണു.
വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിന്റെ 2023-25 സൈക്കിളിലെ അവസാന ഹോം സീരീസിലാണ് ഇന്ത്യ ഇത്തരത്തില്‍ നാണംകെട്ട് പരാജയപ്പെട്ടത്.
ഡബ്ല്യൂ.ടി.സി ഫൈനലിനും ഇന്ത്യക്കും ഇടയില്‍ ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയാണ് തലയുയര്‍ത്തി നില്‍ക്കുന്നത്. ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യക്ക് മുമ്പില്‍ ഇനിയുള്ളത്. ഈ പരമ്പരയിലെ മൂന്ന് മത്സരത്തിലെങ്കിലും വിജയിച്ചെങ്കില്‍ മാത്രമേ മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിക്കാതെ ഇന്ത്യക്ക് ഫൈനല്‍ കളിക്കാന്‍ സാധിക്കൂ.
ഡബ്ല്യൂ.ടി.സി 2023-258 സൈക്കിളില്‍ കങ്കാരുക്കളുടെ അവസാന ഹോം സീരീസാണ് ഇത്. ശേഷം വോണ്‍ – മുരളീധരന്‍ ട്രോഫിക്കായി ടീം ശ്രീലങ്കയിലേക്ക് പറക്കും. ഹോം കണ്ടീഷനില്‍ ശ്രീലങ്ക അപകടകാരികളാണ് എന്നതിനാല്‍ തന്നെ സ്വന്തം തട്ടകത്തില്‍ നടക്കുന്ന ബി.ജി.ടി മുന്‍നിര്‍ത്തിയാണ് ഓസ്‌ട്രേലിയ തന്ത്രങ്ങളൊരുക്കുക.
ഇത്തവണത്തെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ആതിഥേയര്‍ തങ്ങളായതിനാലും കഴിഞ്ഞ രണ്ട് തവണ ഇന്ത്യ ഇവിടെയെത്തി പരമ്പര വിജയിച്ചതിനാലും 2015ന് ശേഷം ഒരിക്കല്‍പ്പോലും പരമ്പര നേടാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടില്ല എന്നതിനാലും ഈ പരമ്പരയില്‍ സമഗ്രാധിപത്യം പുലര്‍ത്തിയാല്‍ ഫൈനല്‍ സാധ്യതകള്‍ കൂടുതല്‍ തെളിയും എന്നതിനാലും ഒരു തരത്തിലുമുള്ള അഡ്വാന്റേജും ഇന്ത്യക്ക് നല്‍കാതെയായിരിക്കും ഓസ്ട്രേലിയ പിച്ച് ഒരുക്കുക.
ഇന്ത്യക്കെതിരെ അഞ്ച് മത്സരങ്ങളുടെ പരമ്പര കളിക്കുന്ന ഓസ്‌ട്രേലിയ ലങ്കക്കെതിരെ രണ്ട് മത്സരങ്ങളുടെ പരമ്പരയും കളിക്കും.
ശേഷിക്കുന്ന ഏഴ് മത്സരത്തില്‍ നാലിലും വിജയിച്ചാല്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്ക് ഫൈനല്‍ കളിക്കാം. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ കനത്ത പരാജയമേറ്റുവാങ്ങുകയോ ശ്രീലങ്കന്‍ പര്യടനത്തില്‍ തിരിച്ചടിയേല്‍ക്കുകയോ ചെയ്താല്‍ ഫൈനലിന് സാധ്യതകള്‍ മങ്ങും.