കൊച്ചി: വിവാദ ഓഡിയോ ടേപ്പ് പുറത്തുവന്ന സംഭവത്തില്‍ മാതൃഭൂമി ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ലേബി സജീന്ദ്രന്‍ ആത്മഹ്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. മാതൃഭൂമിയില്‍ രാജിക്കത്ത് എഴുതി നല്‍കിയശേഷമായിരുന്നു ലേബിയുടെ ആത്മഹത്യാ ശ്രമം.
ഫോണിലൂടെ അസ്വാഭാവികമായി ലേബി സംസാരിച്ചതിനെ തുടര്‍ന്ന് ഉടന്‍ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരാണ് അവശനിലയിലായിരുന്ന ലേബിയെ ആശുപത്രിയിലെത്തിച്ചത്. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ കഴിയുന്ന ലേബി അപകടനിലതരണം ചെയ്തു. അമിതമായി ഉറക്കഗുളിക കഴിച്ചതായാണ് സൂചന. ഭര്‍ത്താവും എം.എല്‍.എയുമായ സജീന്ദ്രനും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഓഡിയോ ടേപ്പ് പുറത്തുവന്നതിനെ തുടര്‍ന്ന് ലേബി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ലേബി ചൊവ്വാഴ്ച ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാതൃഭൂമിയില്‍ രാജിക്കത്ത് നല്‍കിയത്. ലേബിയുടെ ഭര്‍ത്താവ് സജീന്ദ്രന്‍ കുന്നത്തുനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്. ഇയാളെ ജയിപ്പിക്കാന്‍ വേണ്ടി ലേബി വഴിവിട്ട രീതിയില്‍ ഇടപെടുന്നതാണ് ഓഡിയോ ടേപ്പിലൂടെ വ്യക്തമാകുന്നത്. ഇതിനായി മാധ്യമപ്രവര്‍ത്തകര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്നതും ടെലഫോണ്‍ സംഭഷണത്തില്‍ വ്യക്തമായിരുന്നു. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും സംഭാഷണത്തില്‍ പരാമര്‍ശമുണ്ടായിരുന്നു.
സംഭവം വിവാദമായതോടെ പ്രതികരണവുമായി ലേബി രംഗത്തെത്തിയിരുന്നു. സംഭാഷണത്തിലെ ശബ്ദം തന്റേതു തന്നെയാണെന്ന് പറഞ്ഞ ലേബി പലപ്പോഴായുള്ള സംഭാഷണത്തിലെ വാക്കുകളും വരികളും അടര്‍ത്തിയെടുത്ത് നിര്‍മ്മിച്ചതാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന ശബ്ദരേഖയെന്നും അറിയിച്ചു. ഇതുസംബന്ധിച്ച് സൈബര്‍സെല്ലിന് പരാതിയും നല്‍കിയിരുന്നു.