Kerala News
സഹപാഠികള്‍ ചേര്‍ന്ന് ഒമ്പതാം ക്ലാസുകാരന്റെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവം; പുഷ്പ സിനിമ അനുകരിച്ചതെന്ന് അധ്യാപകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 18, 01:43 pm
Saturday, 18th January 2025, 7:13 pm

പാലാ: പാലായില്‍ ഒമ്പതാംക്ലാസുകാരന്റെ നഗ്നവീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചത് പുഷ്പ സിനിമയുടെ അനുകരണമെന്ന് സ്‌കൂള്‍ അധികൃതര്‍. അല്ലു അര്‍ജുന്റെ പുഷ്പ സിനിമയില്‍ നായകനെ നഗ്നനാക്കുന്ന രംഗങ്ങള്‍ കുട്ടികള്‍ അനുകരിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.

ക്ലാസ് മുറിയില്‍ അധ്യാപകര്‍ ഇല്ലാത്ത സമയത്താണ് ചിത്രീകരണം നടത്തിയതെന്നും അധ്യാപകര്‍ പറഞ്ഞു. രണ്ടാമതും വീഡിയോ ചിത്രീകരിക്കാന്‍ സഹപാഠികള്‍ ശ്രമിച്ചതോടെ വിദ്യാര്‍ത്ഥി പരാതി നല്‍കിയതോടെ മറ്റ് വിദ്യാര്‍ത്ഥികളോട് വിശദീകരണം തേടുകയും രക്ഷിതാക്കളെ വിളിപ്പിക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ നടപടി സ്വീകരിക്കാനാണ് സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപകരും തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌കൂള്‍ മാനേജറും നഗരസഭാ കൗണ്‍സിലറുമുള്‍പ്പെടുന്ന എത്തിക്‌സ് കമ്മറ്റി വിളിച്ചുചേര്‍ത്ത് നടപടി സ്വീകരിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാവ് പാലാ പൊലീസിന് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചിരുന്നു.

പിന്നാലെ ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും റിപ്പോര്‍ട്ട് തേടിയിരുന്നു. കുട്ടികള്‍ക്ക് കൗണ്‍സിലിങ് ലഭ്യമാക്കാനും നിര്‍ദേശമുണ്ട്.

ജനുവരി 10ാം തീയതിയാണ് സംഭവം നടന്നത്. ഒമ്പതാം ക്ലാസുകാരനെ നഗ്നനാക്കി സഹപാഠികള്‍ ബലം പ്രയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയുമായിരുന്നു.

പിന്നാലെ സഹപാഠികള്‍ക്കെതിരെ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനുമുമ്പും ഇത്തരത്തില്‍ കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി സഹപാഠികള്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

മകനെ സഹപാഠികള്‍ മാനസികമായി പീഡിപ്പിക്കുകയും റാഗ് ചെയ്തുവെന്നും നഗ്‌ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിച്ചതായും കുട്ടിയുടെ പിതാവ് പ്രതികരിച്ചിരുന്നു.

Content Highlight: The incident in which the classmates shared the nude pictures of the ninth grader; Teachers said they imitated Pushpa movie