Entertainment
ആ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ നെപ്പോ കിഡ് ആയിട്ടുകൂടി ഞങ്ങളെപോലെ ഉള്ളവര്‍ക്ക് വളരാന്‍ അവസരം നല്‍കുന്നു: പ്രിയങ്ക ചോപ്ര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 18, 11:56 am
Saturday, 18th January 2025, 5:26 pm

ഹിന്ദി ചലച്ചിത്ര സംഗീത സംവിധായകനായ റോഷന്‍ ലാല്‍ നഗ്രത്തിന്റെ മകനാണ് പ്രശസ്ത ബോളിവുഡ് സംവിധായകനും നടനുമായ രാകേഷ് റോഷന്‍. രാകേഷ് റോഷന്റെ മകനാണ് ഹൃതിക് റോഷന്‍. രാകേഷ് റോഷനെ കുറിച്ചും ഹൃതിക് റോഷനെ കുറിച്ചും സംസാരിക്കുകയാണ് നടി പ്രിയങ്ക ചോപ്ര.

രാകേഷ് റോഷനും ഹൃതിക്ക് റോഷനും നെപ്പോട്ടിസം വഴി വന്നവരാണെങ്കിലും മറ്റുള്ളവരെപോലെയല്ല എന്ന് പ്രിയങ്ക ചോപ്ര പറയുന്നു. അവര്‍ സിനിമയില്‍ തന്നെപോലെയുള്ള ഔട്ട് സൈഡേര്‍സിനും അവസരം നല്‍കുന്നുണ്ടെന്നും വളരാന്‍ സഹായിക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

അതുകൊണ്ടുതന്നെ അവര്‍ സിനിമയില്‍ വന്നതുകൊണ്ട് അവര്‍ക്ക് മാത്രമല്ല പ്രയോജനമെന്നും തന്നെ പോലെയുള്ള അഭിനേതാക്കള്‍ക്കും കൂടിയാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. പുതിയ നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയായ ദി റോഷന്‍സില്‍ ആണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.

‘രാകേഷ് റോഷനും ഹൃതിക് റോഷനും ഓരോ ദിവസം കഴിയുമ്പോഴും വളരുകയാണ്. അവര്‍ നെപോട്ടിസം പ്രൊഡക്ട് ആണെന്ന് എല്ലാവരും പറയുന്നത് കേള്‍ക്കാം. എന്നാല്‍ എന്നെ പോലെയുള്ള ഔട്ട് സൈഡേര്‍സിനും അവര്‍ സിനിമയില്‍ അവസരം നല്‍കുന്നുണ്ട്.

ഞങ്ങളൊക്കെ വളരാന്‍ വേണ്ടി അവര്‍ അവസരമൊരുക്കാറുണ്ട്. അതുകൊണ്ടുതന്നെ അവര്‍ സിനിമയില്‍ വന്നതുകൊണ്ട് പ്രയോജനം ലഭിക്കുന്നത് അവര്‍ക്ക് മാത്രമല്ല. ഞങ്ങളെപ്പോലെ ഉള്ളവര്‍ക്ക് കൂടിയാണ്. രാകേഷ് റോഷനെല്ലാം അവരുടെ ചുറ്റുവട്ടം വലുതാക്കുന്നതില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു,’ പ്രിയങ്ക ചോപ്ര പറയുന്നു.

ഫിലിം ക്രാഫ്റ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാകേഷ് റോഷന്‍ സംവിധാനം ചെയ്യുകയും നിര്‍മിക്കുകയും ചെയ്ത ക്രിഷ് (2006), ക്രിഷ് 3 (2013) എന്നീ സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയായ ക്രിഷില്‍ പ്രിയങ്ക ചോപ്ര റോഷന്‍സിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൃതിക് റോഷന്റെ നായിക ആയിട്ടായിരുന്നു പ്രിയങ്ക എത്തിയിരുന്നത്. കരണ്‍ ജോഹര്‍ നിര്‍മിച്ച് കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്ത അഗ്‌നിപഥിലും പ്രിയങ്കയും ഹൃതിക്കും ഒന്നിച്ചിരുന്നു.

Content Highlight: Priyanka Chopra says Hrithik Roshan, Rakesh Roshan don’t endorse nepotism