Entertainment
ആ തിരക്കഥ തന്നപ്പോൾ കൈക്കൂപ്പി ഞാൻ പറഞ്ഞത്, വേണ്ട തൃപ്തിയായി എന്നാണ്: മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 18, 11:19 am
Saturday, 18th January 2025, 4:49 pm

മലയാളത്തിൽ നിരവധി ഹിറ്റ്‌ ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള പ്രേക്ഷകരുടെ ഇഷ്ട കൂട്ടുകെട്ടാണ് മോഹൻലാൽ – പ്രിയദർശൻ. ബോയിങ് ബോയിങ്, കിലുക്കം, വന്ദനം, തേന്മാവിൻ കൊമ്പത്ത് തുടങ്ങി ഇരുവരും ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകർ തിയേറ്ററിലേക്ക് വന്നിട്ടുണ്ട്.

പ്രിയദർശന്റെ പല സിനിമകളും തിരക്കഥയില്ലാതെയായിരുന്നു ഷൂട്ട് ചെയ്തതെന്നും അന്നെല്ലാം ചെയ്യാൻ പോകുന്ന സിനിമയുടെ തിരക്കഥ വായിക്കാൻ തരുമോയെന്ന പ്രിയദർശനോട് ചോദിച്ചിട്ടുണ്ടെന്നും മോഹൻലാൽ പറയുന്നു.

അത്തരത്തിൽ ആദ്യമായി തന്ന തിരക്കഥ തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയുടേതാണെന്നും അതോടെ തനിക്ക് തൃപ്തിയായെന്നും മോഹൻലാൽ പറഞ്ഞു. പ്രിയദർശൻ സിനിമകളിലെ തമാശകളെല്ലാം ഇന്നും ഓർത്തിരിക്കാറുണ്ടെന്നും മിഥുനവും മിന്നാരവുമെല്ലാം അത്തരത്തിൽ ഓർത്തിരിക്കുന്ന സിനിമകളാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

‘പുതിയ സിനിമക്കാർ പറയുന്നില്ലേ, തിരക്കഥയെന്തിനാണ്, സിനിമ മനസിലല്ലേ എന്നെല്ലാം. വർഷങ്ങൾക്കുമുമ്പേ അതെല്ലാം ഇവിടെ പരീക്ഷിച്ചുകഴിഞ്ഞതാണ് അക്കാലത്തെല്ലാം ഞാൻ സ്ഥിരം പ്രിയനോട് പറയുമായിരുന്നു, ഒരാഗ്രഹംകൊണ്ട് ചോദിക്കുകയാണ് പ്രിയാ, സിനിമ തുടങ്ങുന്നതിനുമുമ്പേ തിരക്കഥയൊന്ന് വായിക്കാൻ കിട്ടുമോയെന്ന്.

നാളെ എന്താണ് ചെയ്യേണ്ടതെന്നറിയാനുള്ള താത്‌പര്യം കൊണ്ടായിരുന്നു അത്. അങ്ങനെയിരിക്കെ ഒരിക്കലൊരു സിനിമയുടെ സെറ്റിൽ ചെന്നപ്പോൾ പ്രിയൻ അഭിമാനത്തോടെ ഒരു പുസ്‌തകം മുന്നിലേക്ക് നീട്ടി. വർഷങ്ങളായി ഞാൻ ആഗ്രഹിച്ചത്, ചോദിച്ചുകൊണ്ടിരുന്നത്. ചെയ്യാൻ പോകുന്ന സിനിമയുടെ എഴുതിപ്പൂർത്തിയാക്കിയ തിരക്കഥ. കൈകുപ്പികൊണ്ട് ഞാൻ പറഞ്ഞു, വേണ്ട തൃപ്‌തിയായി, എനിക്ക് വായിക്കേണ്ട. അതായിരുന്നു തേന്മാവിൻ കൊമ്പത്ത്.

പ്രിയൻ സിനിമയിലെ പല തമാശകളും ഇന്നും മനസിൽ തങ്ങിനിൽക്കുന്നുണ്ട്. അമ്പിളിച്ചേട്ടനുമായി ഒന്നിച്ച രംഗങ്ങളെല്ലാം ഏറെ ഇഷ്ടപ്പെട്ടതാണ്. മിഥുനത്തിൽ നെടുമുടി വേണുച്ചേട്ടൻ പൂജ ചെയ്യുന്നതും മീനച്ചേച്ചി ഓടുന്നതുമെല്ലാം ഇപ്പോൾ കാണുമ്പോഴും ചിരിക്കാറുണ്ട്. അതുപോലെ താളവട്ടത്തിൽ സോമൻ ചേട്ടനെ മുന്നിൽ നിർത്തിയുള്ള അമ്പിളിച്ചേട്ടൻ്റെ പെർഫോമൻസ്, മിന്നാരത്തിലെ ചില രംഗങ്ങൾ. അങ്ങനെ പെട്ടെന്ന് ഓർമയിലേക്കെത്തുന്നവ പറഞ്ഞുതുടങ്ങിയാൽ ഒരുപാടുണ്ട്,’മോഹൻലാൽ പറയുന്നു.

 

Content Highlight: Mohanlal About Script Of Priyadarshan Movies