'സംഗീതപ്രതിഭകളെ സാധാരണക്കാരന്റെ വീട്ടിലെത്തിച്ച എഞ്ചിനീയര്‍'; ഓഡിയോ കാസറ്റുകള്‍ രൂപകല്‍പന ചെയ്ത ലൂ ഓട്ടന്‍സ് അന്തരിച്ചു
World News
'സംഗീതപ്രതിഭകളെ സാധാരണക്കാരന്റെ വീട്ടിലെത്തിച്ച എഞ്ചിനീയര്‍'; ഓഡിയോ കാസറ്റുകള്‍ രൂപകല്‍പന ചെയ്ത ലൂ ഓട്ടന്‍സ് അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th March 2021, 8:19 am

ലിസ്ബണ്‍: ഓഡിയോ കാസറ്റുകള്‍ കണ്ടെത്തിയ ഡച്ച് എഞ്ചിനീയര്‍ ലൂ ഓട്ടന്‍സ് അന്തരിച്ചു. 94 വയസ്സായിരുന്നു. ജന്മനാടായ ഡ്യൂയിസില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കഴിഞ്ഞ ദിവസമാണ് കുടുംബം മരണവിവരം പുറത്തുവിട്ടത്. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ലൂ ഓട്ടന്‍സ്.

1960കളിലാണ് ലൂ ഓട്ടന്‍സ് കാസറ്റുകള്‍ രൂപകല്‍പന ചെയ്യുന്നത്. കാസറ്റുകളുടെ വരവ് ജനങ്ങളുടെ സംഗീതാസ്വാദനത്തില്‍ അടിമുടി മാറ്റം വരുത്തി. കോടികണക്കിന് കാസറ്റുകളാണ് അക്കാലത്ത് ലോകം മുഴുവനുമായി വിറ്റഴിഞ്ഞത്.

1960ലാണ് ഫിലിപ്‌സിന്റെ പ്രൊഡക്ട് ഡെവലപ്പമെന്റ് വിഭാഗം തലവനായി ഓട്ടന്‍സ് ചുമതലയേല്‍ക്കുന്നത്. ഓട്ടന്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ നിരവധി പരീക്ഷണങ്ങളിലൂടെ ഫിലിപ്‌സ് കമ്പനി ഓഡിയോ കാസറ്റ് രൂപപ്പെടുത്തി.

1963ല്‍ ബെര്‍ലിന്‍ റേഡിയോ ഇലക്ട്രോണിക്‌സ് മേളയിലാണ് ഓഡിയോ കാസറ്റുകള്‍ ആദ്യമായി അവതരിപ്പിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഓഡിയോ കാസറ്റുകള്‍ ലോകം മുഴുവന്‍ ഹിറ്റായി. ആ വര്‍ഷം ഏറ്റവും പ്രചാരം നേടിയ ഉല്‍പന്നങ്ങളിലൊന്നായി കാസറ്റുകള്‍ മാറി. ഓഡിയോ കാസറ്റുകള്‍ കണ്ടെത്തിയതിന്റെ അമ്പതാം വാര്‍ഷികത്തില്‍ ആദ്യ ദിവസം മുതല്‍ ‘സെന്‍സേഷന്‍’ ആയ കണ്ടെത്തല്‍ എന്നായിരുന്നു ബി.ബി.സി വിശേഷിപ്പിച്ചത്.

ജാപ്പനീസ് കമ്പനികള്‍ കാസറ്റിന്റെ പതിപ്പുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയതോടെ ഫിലിപ്‌സും സോണിയുമായി ലൂ ഓട്ടന്‍സ് പാറ്റന്റ് കരാറില്‍ ഒപ്പുവെക്കുകയായിരുന്നു.

സി.ഡി രൂപകല്‍പന ചെയ്ത ടീമിലും ഓട്ടന്‍സ് അംഗമായിരുന്നു. എന്നാല്‍ 1982ല്‍ ഫിലിപ്‌സ് സിഡി പ്ലെയര്‍ പുറത്തിറക്കിറക്കിയതോടെ റെക്കോര്‍ഡ് പ്ലെയറുകള്‍ പുരാതനവസ്തുവായെന്നും ഓട്ടന്‍സ് പറഞ്ഞിരുന്നു.

ഫിലിപ്‌സിനോ സോണിക്കോ കാസറ്റ് പ്ലെയറായ വോക്ക്മാന്‍ രൂപകല്‍പന ചെയ്യാനായില്ല എന്നതാണ് ഏറ്റവും നഷ്ടബോധം തോന്നുന്ന കാര്യമെന്നും ഓട്ടന്‍സ് ഒരിക്കല്‍ പറഞ്ഞിരുന്നു.

സാങ്കേതികവിദ്യയുടെ പുരോഗതിയോടെ കാസറ്റുകള്‍ മാര്‍ക്കറ്റില്‍ നിന്നും പുറത്തായെങ്കിലും അടുത്ത കാലത്തായി കാസറ്റിന് ആവശ്യക്കാര്‍ വരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലേഡി ഗാഗ, ദ കില്ലേര്‍സ് തുടങ്ങിയ പ്രശസ്ത സംഗീതജ്ഞര്‍ തങ്ങളുടെ പുതിയ ആല്‍ബങ്ങള്‍ കാസറ്റിലും ഇറക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Audio cassette tape inventor Lou Ottens dies aged 94