നവാഗതനായ രതീഷ് രഘുനന്ദന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഉടല്‍ സിനിമാ സര്‍ക്കിളുകളില്‍ ചര്‍ച്ചയാവുകയാണ്. ഇന്ദ്രന്‍സിന്റെ കരയിപ്പിക്കുന്നതും അതേസമയം ‘പേടിപ്പിക്കുന്നതു’മായ പ്രകടനം തന്നെയാണ് ചിത്രം കാണാന്‍ തിയേറ്ററുകളില്‍ പിടിച്ചിരുത്തുന്ന ഒരു പ്രധാന ഘടകമെന്നാണ് സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവരുന്ന പ്രേക്ഷക പ്രതികരണം.
കുട്ടിച്ചായന്‍ എന്ന നാട്ടിന്‍പുറത്തുകാരനായ ഗൃഹസ്ഥനെയാണ് ചിത്രത്തില്‍ ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. ഒരു കണ്ണിന് കാഴ്ചയില്ലാത്ത കുട്ടിച്ചായനായി ഇന്ദ്രന്‍സ് മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. തുടക്കത്തില്‍ നിഷ്‌കളങ്കനായ ഒരു വൃദ്ധഗൃഹനാഥനാണെന്ന തരത്തിലാണ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെങ്കിലും സെക്കന്‍ഡ് ഹാഫില്‍ കംപ്ലീറ്റ് വയലന്‍സാണ് കുട്ടിച്ചായന്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.
ഫസ്റ്റ് ഫാഫില്‍ തനിക്ക് ഒരു ബീഡി മുഴുവനായൊന്നും വലിക്കാനുള്ള ആരോഗ്യമില്ലെന്ന് പറയുന്ന കുട്ടിച്ചായന്‍ പിന്നീട് സര്‍പ്രൈസിങ്ങ് ഫോമിലാണ് സെക്കന്‍ഡ് ഹാഫിലെത്തുന്നത്.
ദുര്‍ഗാ കൃഷ്ണ, ധ്യാന്‍ ശ്രീനിവാസന്‍, ജൂഡ് ആന്തണി ജോസഫ് എന്നിവരെല്ലാം തങ്ങളുടെ റോളുകള്‍ മികച്ചതാക്കി ചെയ്തിട്ടുണ്ടെങ്കിലും ആരാധകരെ ത്രസിപ്പിക്കുന്ന പ്രകടനം ഇന്ദ്രന്‍സിന്റെത് തന്നെയാണെന്നാണ് പ്രേക്ഷക പ്രതികരണം. ഇത്രയധികം വയലന്‍സുള്ള ഒരു കഥാപാത്രത്തെയും തന്റെ കരിയറില്‍ ആദ്യമായാണ് അവതരിപ്പിക്കുന്നത്.
ഹോം സിനിമയ്ക്ക് ശേഷം സമീപകാലത്ത് ഇന്ദ്രന്‍സ് അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് കുട്ടിച്ചായന്റേത്.
നേരത്തെ ഹോം എന്ന സിനിമയും സെലിബ്രേറ്റ് ചെയ്യപ്പെട്ടതിന്റെ പ്രധാന ഘടകം ഇന്ദ്രന്‍സിന്റെ പ്രകടനം തന്നെയായിരുന്നു. ഏറെക്കാലത്തിന് ശേഷം മുഖ്യധാരാ കൊമേഴ്‌സ്യല്‍ സിനിമയില്‍ ലീഡ് റോളില്‍ ഇന്ദ്രന്‍സ് എത്തിയ സിനിമ കൂടിയായിരുന്നു ഹോം. എന്നാല്‍ ഹോമിലെ നിഷ്‌കളങ്കനായ സ്‌നേഹനിധിയായ നിരുപദ്രവകാരിയായ ഗൃഹനാഥന്‍ ഒലിവര്‍ ട്വിസ്റ്റില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമാണ് ഉടലിലെ കുട്ടിച്ചായന്‍.
ഗോകുലം ഗോപാലന്‍ നിര്‍മിച്ച ഉടലിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും രതീഷ് രഘുനന്ദന്‍ തന്നെയാണ്. മനോജ് പിള്ളയുടെതാണ് ക്യാമറ. പശ്ചാത്തല സംഗീതം വില്യം ഫ്രാന്‍സിസ്. എഡിറ്റിങ്ങ് നിഷാദ് യൂസഫ്.
Content Highlight: Audience praises Indran’s performance in Udal movie