World
ഇസ്രഈല്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ഇറാന് പങ്കില്ല, തീരുമാനം ഞങ്ങളുടേത് മാത്രം: യെമന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jan 01, 09:37 am
Monday, 1st January 2024, 3:07 pm

സനാ: ചെങ്കടലില്‍ ഇസ്രഈല്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ നടക്കുന്ന ആക്രണമങ്ങളില്‍ ഇറാന് പങ്കുണ്ടെന്ന വാദം തള്ളി യെമന്‍ വിദേശകാര്യാമന്ത്രി ഹിഷാം ഷറഫ്.

ഗസയിലും മറ്റു ഫലസ്തീന്‍ പ്രദേശങ്ങളിലും ഇസ്രഈല്‍ നടത്തുന്ന അധിനിവേശം തടയുന്നതിന്റ ഭാഗമായി യെമന്‍ ഗവണ്‍മെന്റിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

യെമന്‍ ആര്‍ക്കും ഭീഷണിയല്ല എന്ന് പറഞ്ഞ ഷറഫ്, നിലവില്‍ ആക്രമണങ്ങള്‍ നടക്കുന്നത് ഇസ്രഈല്‍ ഉടമസ്ഥതയിലുള്ളതും, ഇസ്രഈല്‍ ലക്ഷ്യമാക്കി നീങ്ങുന്നതുമായ കപ്പലുകള്‍ക്ക് നേരെയാണെന്നും മറ്റുള്ളവര്‍ സുരക്ഷിതരാണെന്നും കൂട്ടിച്ചേര്‍ത്തു.

ഫലസ്തീന്‍ വിമോചനം തങ്ങളുടെ കൂടി ഉത്തരവാദിതത്തമാണ്, ഇസ്രഈല്‍ കപ്പലുകള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യ പടികളാണെന്നും, ഈ ആപല്‍സന്ധിയില്‍ ലോകം കേള്‍ക്കുന്ന രീതിയില്‍ പലസ്തീനിയന്‍ ജനതക്ക് വേണ്ടി ഒന്നും ചെയ്തില്ലെങ്കില്‍ പിന്നീട് ആരും അത് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ രംഗത്ത് ഉള്‍പ്പെടെ ഇറാന്‍ നല്‍കുന്ന സഹായങ്ങളെ പ്രശംസിച്ച ഹിഷാം ഷറഫ്, ഇറാന്‍ പിന്തുണ ഇല്ലായിരുന്നെങ്കില്‍ യെമനില്‍ നിന്ന് വരുന്ന വാര്‍ത്ത ആരും കേള്‍ക്കില്ലായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

ഇസ്രഈല്‍ അധിനിവേശത്തെ ഏറ്റവും അധികം എതിര്‍ത്ത് നിന്നിരുന്നവരില്‍ ഒരാള്‍ ഇറാന്‍ സൈനിക വിഭാഗമായ ഖുദ്‌സ് ഫോഴ്സ് മുന്‍ തലവനായിരുന്ന ജനറല്‍ ഖാസിം സുലൈമാനിയാണെന്നും ഫലസ്തീന്‍ വിമോചനത്തിന് വേണ്ടി അദ്ദേഹം നടത്തിയ സൈനിക നീക്കങ്ങളെ വിസ്മരിക്കാന്‍ കഴിയില്ലെന്നും ഹിഷാം ഷറഫ് പറഞ്ഞു.

ശക്തമായ ആക്രമണ പ്രത്യാക്രമണങ്ങള്‍ ആണ് ചെങ്കടലില്‍ നിലവില്‍ നടന്നു വരുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ അമേരിക്കന്‍ ആക്രമണത്തില്‍ മൂന്നു യെമന്‍ ബോട്ടുകള്‍ തകരുകയും പത്ത് യെമന്‍ സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

മാനുഷികവും ധാര്‍മികവുമായ ഉത്തരവാദിത്തം നിറവേറ്റുന്ന സൈനികര്‍ക്ക് നേരെയാണ് ഈ ആക്രമണം ഉണ്ടായത്. ഇതിന്റഎ പൂര്‍ണ്ണ ഉത്തരവാദിത്തം യു.എസിനായിരിക്കുമെന്നും അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്നും യെമന്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹിയ സരീ പറഞ്ഞിരുന്നു.

Content Highlight: Attacks on Israel-bound ships in Red Sea ‘a pure Yemeni decision’ Says Top diplomat