Kerala News
ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് പേരാമ്പ്രയില്‍ ആക്രമണം; സംഘപരിവാറിന്റെ ആസൂത്രിത നീക്കമെന്ന് ഡി.വൈ.എഫ്.ഐയും യൂത്ത് ലീഗും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 May 08, 03:17 pm
Sunday, 8th May 2022, 8:47 pm

കോഴിക്കോട്: ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് കോഴിക്കോട്ട് പേരാമ്പ്രയില്‍ ആക്രമണം. പേരാമ്പ്രയിലെ ബാദുഷ ഹൈപ്പര്‍മാര്‍ക്കറ്റിലാണ് ഒരുസംഘമെത്തി ജീവനക്കാരെ ആക്രമിച്ചത്.

മര്‍ദനമേറ്റ നാല് ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടി. അക്രമികളില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മേപ്പയ്യൂര്‍ സ്വദേശി പ്രസൂണിനെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടന്നു. ഡി.വൈ.എഫ്.ഐയും യൂത്ത് ലീഗും വ്യാപാരി സംഘടനകളും ആക്രമണത്തില്‍ പ്രതിഷേധിച്ചു.

സംഘ്പരിവാര്‍ ശക്തികളാണ് ആസൂത്രിതമായി നടപ്പാക്കിയ ആക്രമണത്തിന് പിന്നിലെന്ന് ഡി.വൈ.എഫ്.ഐയും യൂത്ത് ലീഗും ആരോപിച്ചു.

അക്രമികള്‍ വാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി സൂപ്പര്‍മാര്‍ക്കറ്റിലെത്തിയതായും ദൃക്സാക്ഷികള്‍ പറയുന്നു.
ഇന്ന് വൈകീട്ടായിരുന്നു സംഭവം.

സൂപ്പര്‍മാര്‍ക്കറ്റില്‍ നാല് പേരടങ്ങുന്ന സംഘമെത്തി ഹലാല്‍ സ്റ്റിക്കറുള്ള ബീഫുണ്ടോയെന്ന് ചോദിച്ചു. ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റില്‍ ബീഫ് സൂക്ഷിച്ചിരുന്ന ഫ്രീസറിനു മുകളില്‍ ഹലാല്‍ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടായിരുന്നു.