ഗുജറാത്ത് കലാപം: നരേന്ദ്രമോദിയെ പുറത്താക്കാനും ബി.ജെ.പി സര്‍ക്കാര്‍ പിരിച്ചു വിടാനും വാജ്‌പേയ് തീരുമാനിച്ചിരുന്നു, എതിര്‍ത്തത് അദ്വാനി: യശ്വന്ത് സിന്‍ഹ
national news
ഗുജറാത്ത് കലാപം: നരേന്ദ്രമോദിയെ പുറത്താക്കാനും ബി.ജെ.പി സര്‍ക്കാര്‍ പിരിച്ചു വിടാനും വാജ്‌പേയ് തീരുമാനിച്ചിരുന്നു, എതിര്‍ത്തത് അദ്വാനി: യശ്വന്ത് സിന്‍ഹ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th May 2019, 10:38 am

ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തിനു ശേഷം ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നരേന്ദ്രമോദിയെ പുറത്താക്കാന്‍ അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയ് തീരുമാനിച്ചിരുന്നതായി മുന്‍ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ.

അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന എല്‍.കെ അദ്വാനിയുടെ ഇടപെടലാണ് മോദിയെ രക്ഷിച്ചതെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.

‘ഗുജറാത്തില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായതിന് പിന്നാലെ ഗോവയില്‍ നടന്ന ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ മോദി രാജിവെക്കണമെന്ന് വാജ്‌പേയ് ആവശ്യപ്പെട്ടു. മോദി അതിന് തയ്യാറാവുന്നില്ലെങ്കില്‍ സര്‍ക്കാറിനെ പിരിച്ചുവിടുമെന്നും വാജ്‌പേയ് പറഞ്ഞിരുന്നു’. എന്നാല്‍ അദ്വാനിയുടെ ഇടപെടല്‍ തീരുമാനത്തെ മാറ്റിമറിയ്ക്കുകയായിരുന്നെന്ന് സിന്‍ഹ പറഞ്ഞു.

‘എനിക്ക് കിട്ടിയ വിവരമനുസരിച്ച് അന്ന് വാജ്പേയിയുടെ തീരുമാനത്തെ അദ്വാനി എതിര്‍ത്തു. ഗുജറാത്തിലെ മോദി സര്‍ക്കാരിനെ പിരിച്ചുവിട്ടാല്‍ താന്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവെയ്ക്കുമെന്ന് അദ്ദേഹം ഭീഷണി മുഴക്കി. ഈ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് വാജ്പേയിക്ക് തന്റെ തീരുമാനം പിന്‍വലിക്കേണ്ടി വന്നു’- യശ്വന്ത് സിന്‍ഹ പറഞ്ഞു.

രാജീവ് ഗാന്ധി ഐ.എന്‍.എസ് വിരാടിനെ സ്വകാര്യ ടാക്‌സിയാക്കിയെന്ന മോദിയുടെ പ്രസ്താവനയേയും യശ്വന്ത് സിന്‍ഹ വിമര്‍ശിച്ചു. ഒരു പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രസ്താവനയാണ് മോദിയില്‍ നിന്ന് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ യു.പി.എ ഭരണകാലത്ത് ഇപ്പോഴത്തേക്കാള്‍ ജി.ഡി.പി വളര്‍ച്ചയുണ്ടായെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.