ലാല്‍ സാറിനോട് അച്ഛനുള്ള ബഹുമാനം ആ ഒരു സംഭവത്തോടെ എനിക്ക് മനസിലായി: അശ്വതി വി. നായര്‍
Entertainment
ലാല്‍ സാറിനോട് അച്ഛനുള്ള ബഹുമാനം ആ ഒരു സംഭവത്തോടെ എനിക്ക് മനസിലായി: അശ്വതി വി. നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th August 2024, 6:44 pm

മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരുടെ ഒമ്പത് ചെറുകഥകളെ അടിസ്ഥാനാക്കി ഒരുങ്ങുന്ന ആന്തോളജി സീരീസാണ് മനോരഥങ്ങള്‍. ഉലകനായകന്‍ കമല്‍ ഹാസന്റെ നരേഷനില്‍ മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ആസിഫ് അലി, ബിജു മേനോന്‍, സിദ്ദിഖ്, അപര്‍ണ ബാലമുരളി, നെടുമുടി വേണു, ഇന്ദ്രന്‍സ് തുടങ്ങി വന്‍ താരനിര മനോരഥങ്ങളില്‍ അണിനിരക്കുന്നുണ്ട്.

എം.ടിയുടെ തിരക്കഥയില്‍ 1960ല്‍ റിലീസായ ഓളവും തീരവും എന്ന സിനിമ മനോരഥങ്ങളില്‍ പുനഃസൃഷ്ടിച്ചിട്ടുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത എപ്പിസോഡില്‍ ബാപ്പൂട്ടിയായി വേഷമിട്ടത് മോഹന്‍ലാലണ്. എം.ടിയുടെ തിരക്കഥകളിലൂടെ കരിയറിലെ മികച്ച കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന് ലഭിച്ചിട്ടുള്ളത്.

എം.ടിയും മോഹന്‍ലാലും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് എം.ടിയുടെ മകളും മനോരഥങ്ങളുടെ ക്രിയേറ്റീവ് ഡയറക്ടറുമായ അശ്വതി വി. നായര്‍. മോഹന്‍ലാല്‍ എന്ന നടനോട് എം.ടിക്ക് ബഹുമാനമുണ്ടെന്ന് അശ്വതി പറഞ്ഞു.

മോഹന്‍ലാല്‍ അഭിനയിച്ച സംസ്‌കൃത നാടകമായ കര്‍ണഭാരം ബോംബൈയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ അവിടെ എം.ടിയും ഉണ്ടായിരുന്നെന്നും ആ നാടകം രണ്ട് തവണ അദ്ദേഹം കണ്ടെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അന്ന് മോഹന്‍ലാലിനോട് നാടകത്തെക്കുറിച്ച് സംസാരിച്ചില്ലെന്നും പിന്നീട് മോഹന്‍ലാല്‍ ചോദിച്ചപ്പോഴാണ് അതിനെപ്പറ്റി പറഞ്ഞതെന്നും അശ്വതി പറഞ്ഞു.

താഴ്‌വാരവും സദയവും എം.ടിക്ക് ഇഷ്ടപ്പെട്ട സിനിമകളാണെന്നും ആ രണ്ട് സിനിമകളിലെയും മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സിനെപ്പറ്റി ഇടക്ക് സംസാരിക്കാറുണ്ടെന്നും അശ്വതി പറഞ്ഞു. ആ വാക്കുകളില്‍ മോഹന്‍ലാലിനോടുള്ള ബഹുമാനം തനിക്ക് മനസിലായെന്നും അശ്വതി പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് അശ്വതി ഇക്കാര്യം പറഞ്ഞത്.

‘അച്ഛന് ലാല്‍ സാറിനോട് വലിയ ബഹുമാനമാണ് ഉള്ളത്. അത് എപ്പോഴാണ് മനസിലായതെന്ന് ചോദിച്ചാല്‍, കാവാലം സാറിന്റെ കര്‍ണഭാരം എന്ന നാടകത്തില്‍ ലാല്‍ സാര്‍ അഭിനയിച്ചിട്ടുണ്ടായിരുന്നു. സംസ്‌കൃതത്തിലായിരുന്നു ആ നാടകം. അതിന്റെ ആദ്യത്തെ പ്രദര്‍ശനം കാണാന്‍ അച്ഛനും ഉണ്ടായിരുന്നു. നാല് ദിവസം കഴിഞ്ഞ് അത് ഒന്നുകൂടി കളിച്ചു. അത് കാണാനും അച്ഛന്‍ പോയി. ഒരു ആര്‍ട്ടിസ്റ്റിന്റെ പെര്‍ഫോമന്‍സ് കാണാന്‍ വേണ്ടി അച്ഛന്‍ അങ്ങനെ പോവാറില്ല.

അന്ന് ഒന്നും പറയാതെയാണ് അച്ഛന്‍ അവിടന്ന് ഇറങ്ങിയത്. പിന്നീട് കുറെ കാലം കഴിഞ്ഞ് ലാല്‍ സാര്‍ അച്ഛനോട് ആ നാടകത്തെപ്പറ്റി ചോദിച്ചപ്പോഴാണ് അച്ഛന്‍ അതിനെപ്പറ്റി പറഞ്ഞത്. അതുപോലെ താഴ്‌വാരവും സദയവും അച്ഛന് ഇഷ്ടപ്പെട്ട സിനിമകളാണ്. അത് ഇടയ്‌ക്കൊക്കെ കാണുമ്പോള്‍ അച്ഛന്‍ ലാല്‍ സാറിനെപ്പറ്റി സംസാരിക്കും. അദ്ദേഹത്തോട് അച്ഛനുള്ള ബഹുമാനം ആ വാക്കുകളില്‍ നിന്ന് എനിക്ക് മനസിലായി,’ അശ്വതി പറഞ്ഞു.

Content Highlight: Aswathy V Nair about MT Vasudevan Nair and Mohanlal