2024-25 ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടി ആസ്റ്റണ്‍ വില്ല. മാഞ്ചസ്റ്റര്‍ സിറ്റി ടോട്ടന്‍ഹാം ഹോട്‌സ്പറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് എമറിയും കൂട്ടരും ചാമ്പ്യന്‍സ് ലീഗിന്റെ പോരാട്ട ഭൂമിയിലേക്ക് മുന്നേറിയത്. 1983ന് ശേഷം ഇതാദ്യമായാണ് ആസ്റ്റണ്‍ വില്ല ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടുന്നത്.
മാഞ്ചസ്റ്റര്‍ സിറ്റിയോട് പരാജയപ്പെട്ട ടോട്ടന്‍ഹാം 37 മത്സരങ്ങളില്‍ നിന്നും 19 വിജയവും ആറ് സമനിലയും 12 തോല്‍വിയും അടക്കം മൂന്ന് പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും 20 വിജയവും എട്ട് സമനിലയും ഒമ്പത് തോല്‍വിയും അടക്കം 68 പോയിന്റോടെ നാലാം സ്ഥാനത്താണ് അസ്റ്റണ്‍ വില്ല. അഞ്ചാം സ്ഥാനത്തുള്ള ടോട്ടന്‍ഹാമുമായി അഞ്ച് പോയിന്റിന്റെ വ്യത്യാസത്തിലാണ് ആസ്റ്റണ്‍ വില്ല ചാമ്പ്യന്‍സ് ലീഗിലേക്ക് മുന്നേറിയത്.
അടുത്ത മത്സരത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയാല്‍ പോലും സ്പര്‍സിന് ആസ്റ്റണ്‍ വില്ലയെ മറികടക്കാന്‍ സാധിക്കില്ല. 66 പോയിന്റ് മാത്രമാണ് ഇനി ടോട്ടന്‍ഹാമിന് ലഭിക്കുക. അടുത്ത സീസണില്‍ ടോട്ടന്‍ഹാം യുവേഫ യൂറോപ്പ ലീഗില്‍ ആയിരിക്കും കളിക്കുക.
അതേസമയം കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ കരുത്തരായ ലിവര്‍പൂളിനെതിരെ ആസ്റ്റണ്‍ വില്ല സമനില പിടിച്ചിരുന്നു. ഇരു ടീമുകളും മൂന്നു വീതം ഗോളുകള്‍ ആണ് നേടിയിരുന്നത്.