ന്യൂദൽഹി: നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വൻ പരാജയമേറ്റുവാങ്ങി ബി.ജെ.പി. 13 സീറ്റുകളിൽ നേടാനായത് രണ്ട് സീറ്റുകൾ മാത്രം . നിലവിൽ ബാക്കിയുള്ള 11 സീറ്റുകളിൽ 10 എണ്ണത്തിലും ഇന്ത്യാ മുന്നണിയുടെ ഘടകകക്ഷികൾ വിജയിച്ചു. കോൺഗ്രസ്, ടി.എം.സി, ഡി.എം.കെ , എ.എ.പി പാർട്ടികളുടെ സ്ഥാനാർത്ഥികളാണ് വിവിധ മണ്ഡലങ്ങളിലായി മുന്നിട്ട് നിൽക്കുന്നത്.
പഞ്ചാബിൽ, ആം ആദ്മി പാർട്ടിയുടെ (എ.എ.പി) മൊഹീന്ദർ ഭഗത് ആണ് വിജയിച്ചത്.
പശ്ചിമ ബംഗാളിലെ റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ്, ബാഗ്ദ, മണിക്തല എന്നിവിടങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളായ കൃഷ്ണ കല്യാണി, മുകുത് നാമി അധികാരി, മധുപർണ താക്കൂർ, സുപ്തി പാണ്ഡെ എന്നിവർ വിജയിച്ചു.
ഹിമാചൽ പ്രദേശിലെ ഡെഹ്‌റയിലും നലാഗഡിലും കോൺഗ്രസ് സ്ഥാനാർത്ഥികളായ കമലേഷ് താക്കൂറും ഹർദീപ് സിങ് ബാവയുമാണ് വിജയിച്ചത് . എന്നാൽ ഹിമാചൽ പ്രദേശിലെ ഹമീർപൂരിൽ ബി.ജെ.പിയുടെ ആശിഷ് ശർമയാണ് വിജയിച്ചത് .
ഉത്തരാഖണ്ഡിലെ ബദരിനാഥ്, മംഗ്ലൂർ എന്നീ മണ്ഡലങ്ങളിൽ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥികളായ ലഖ്പത് സിങ് ബുട്ടോലയും ഖാസി നിസാമുദ്ദീനും രണ്ട് സീറ്റുകളിലും വിജയിച്ചു.
ബി.ജെ.പിയുടെ രാജേന്ദ്ര ഭണ്ഡാരി ബദരിനാഥിൽ പിന്നിലായപ്പോൾ മംഗളൂരിൽ ബി.എസ്.പിയുടെ ഉബൈദുർ റഹ്മാൻ രണ്ടാം സ്ഥാനത്തും ബി.ജെ.പിയുടെ കർത്താർ സിംഗ് ഭദാന മൂന്നാം സ്ഥാനത്തുമാണ്.
മധ്യപ്രദേശിലെ അമർവാർ സീറ്റിൽ ബി.ജെ.പിയുടെ കംലേഷ് പ്രതാപ് ഷാഹി വിജയിച്ചു. ബിഹാറിൽ ജെ.ഡി.യുവിൻ്റെ കലാധർ പ്രസാദ് സ്വതന്ത്ര സ്ഥാനാർഥി ശങ്കർ സിങ്ങിനെക്കാൾ മുന്നിലാണ്.