ഗുവാഹത്തി: സംസ്ഥാനത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്രസകളെ നിര്‍ത്തലാക്കാന്‍ പുതിയ ബില്ല് അവതരിപ്പിച്ച് അസാം സര്‍ക്കാര്‍.
മദ്രസകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിങ്ങ് നിര്‍ത്തലാക്കി അവയെ 2021 ഏപ്രില്‍ ഒന്നോടുകൂടി ജനറല്‍ സ്‌കൂളുകള്‍ ആക്കി മാറ്റുന്നതാണ് അസമില്‍ പുതുതായി അവതരിപ്പിക്കപ്പെട്ട ബില്ല്.
ബില്ല് സംസ്ഥാന നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടതോടെ അസമില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ബില്ലില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. അതേസമയം ബില്ല് അനുമതിക്കായി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചു.
മദ്രസകളെ തകര്‍ക്കുന്ന നിയമ നിര്‍മ്മാണം കൊണ്ടുവരുന്നതിന് മുന്‍പ് പ്രത്യേക കമ്മിറ്റിയെ വെച്ച് ചര്‍ച്ച നടത്തി കാര്യങ്ങള്‍ പഠിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
സ്റ്റേറ്റ് മദ്രസ എഡ്യുക്കേഷന്‍ ബോര്‍ഡ് പിരിച്ചുവിടണമെന്നും ബില്ലില്‍ നിര്‍ദേശിക്കുന്നുണ്ട്. അധ്യാപകരുടെയും അനധ്യാപകരുടെയും സേവന വ്യവസ്ഥയെ ബാധിക്കുന്ന വിധത്തിലായിരിക്കില്ല ഇതെന്നും ബില്ലില്‍ പറയുന്നു.
സ്പീക്കര്‍ ഹിതേന്ദ്ര നാഥ് ഗോസ്വാമിയാണ് ബില്ല് ശബ്ദവോട്ടെടുപ്പിനായി സഭയ്ക്ക് മുന്നില്‍ വെച്ചത്. ബി.ജെ.പിയുടെ സഖ്യകക്ഷിയായ അസം ഗന പരിഷത്ത്, ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് എന്നിവര്‍ ബില്ലിനെ അനുകൂലിച്ചു.
സ്വകാര്യ മദ്രസകളെ നിയന്ത്രിക്കാനും പുതിയ ബില്ല് അവതരിപ്പിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
മതേതര രാജ്യമായതുകൊണ്ട് തന്നെ സംസ്ഥാനങ്ങള്‍ക്ക് മതപരമായ വിദ്യാഭ്യാസത്തിന്റെ ബാധ്യത കൂടി ഏറ്റെടുക്കാനാകില്ലെന്ന് പറഞ്ഞായിരുന്നു മദ്രസകളുമായി ബന്ധപ്പെട്ട ബില്ല് സഭയില്‍ അവതരിപ്പിച്ചത്.
അതേസമയം സംസ്ഥാനങ്ങളുടെ തന്നെ ഫണ്ടിങ്ങോടുകൂടി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഓഫ് വേദിക് എഡ്യുക്കേഷനെക്കുറിച്ച് സഭയില്‍ പരാമര്‍ശമുണ്ടായില്ല.