national news
മാപ്പ് പറഞ്ഞ് കേസില്‍ നിന്ന് ഒഴിവായിക്കൂടെ, എന്തിനാണിത്ര അഹങ്കാരം: ഹിമന്ത ബിശ്വ ശര്‍മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 25, 01:07 pm
Saturday, 25th March 2023, 6:37 pm

ദിസ്പൂര്‍: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനാണെന്ന കോടതി വിധിക്ക് ശേഷം രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കിയ നടപടിയെ അനുകൂലിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. കുറ്റക്കാരനെന്ന് വിധി വന്നിട്ടും മാപ്പ് പറയാന്‍ തയ്യാറാകാത്തത് രാഹുലിന്റെ അഹങ്കാരമാണെന്ന് പറഞ്ഞ അദ്ദേഹം പാര്‍ലമെന്റ് നടപടിക്രമങ്ങളാണ് സര്‍ക്കാര്‍ പാലിച്ചതെന്നും വ്യക്തമാക്കി.

കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോള്‍  എം.പിമാരെ അയോഗ്യരാക്കുന്നതിനെതിരെ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് കീറിക്കളഞ്ഞ വ്യക്തിയാണ് രാഹുലെന്നും, ചെയ്ത് കൂട്ടിയതിന്റെ ഫലമാണ് രാഹുലിപ്പോള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ശര്‍മ.

‘ശിക്ഷ വിധിക്കപ്പെട്ട എം.പിമാരെയും എം.എല്‍.എമാരെയും അടിയന്തരമായി അയോഗ്യരാക്കുന്നതിനെതിരെ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് കീറിയെറിഞ്ഞത് രാഹുല്‍ ഗാന്ധി തന്നെയാണ്. ഇപ്പോള്‍ കര്‍മ്മ അദ്ദേഹത്തെ തിരിഞ്ഞ് കൊത്തിയതിന് ഞങ്ങളെന്ത് ചെയ്യാനാണ്,’ ഹിമന്ത ശര്‍മ്മ ചോദിച്ചു.

രാഷ്ട്രീയ നേതാക്കളുടെ അടുത്ത് നിന്ന് തെറ്റായ പരാമര്‍ശങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണെന്നും മാപ്പ് പറഞ്ഞ് കേസില്‍ നിന്ന് ഒഴിവാകാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷത്തിനിപ്പുറവും കേസില്‍ മാപ്പ് പറയാന്‍ രാഹുല്‍ കൂട്ടാക്കാത്തത് അഹങ്കാരമാണെന്നും ഒരു സമുദായത്തെ മുഴുവന്‍ വഞ്ചിച്ചത് അംഗീകരിച്ച് കൊടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

‘പലപ്പോഴും രാഷ്ട്രീയ നേതാക്കളില്‍ നിന്ന് ചില തെറ്റായ പരാമര്‍ശങ്ങളൊക്കെ സംഭവിക്കാറുണ്ട്. അത് പലരെയും വേദനിപ്പിച്ചേക്കാം. ഞങ്ങളുടെ ഭാഗത്ത് നിന്ന് അങ്ങനെ വല്ലതും സംഭവിച്ചാല്‍ ഉടനെ അത് തിരുത്താന്‍ ശ്രമിക്കാറുണ്ട്. അല്ലെങ്കില്‍ മാപ്പ് പറഞ്ഞ് കേസില്‍ നിന്ന് ഒഴിവാകും.

അഞ്ച് വര്‍ഷമായി രാഹുല്‍ ഗാന്ധി തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ല. ഒ.ബി.സിക്കാരായത് കൊണ്ടാണ് അയാളത് ചെയ്യാത്തത്. കോടതി ശിക്ഷ വിധിച്ചിട്ടും മാപ്പ് പറയാന്‍ അയാളിതുവരെ തയ്യാറായിട്ടില്ല. എന്തിനാണിത്ര അഹങ്കാരം?

കോണ്‍ഗ്രസില്‍ നിന്ന് തന്നെയുള്ള ഒ.ബി.സിക്കാര്‍ അയാളോട് ക്ഷമിക്കാന്‍ തയ്യാറാകുമോ, ഒരു വ്യക്തിയുടെ അഹങ്കാരവും മറ്റൊരു സമുദായത്തിന്റെ അഭിമാനവും തമ്മിലുള്ള പ്രശ്‌നമാണിത്. കോടതി വിധിയില്‍ നിങ്ങള്‍ തൃപ്തരല്ലെങ്കില്‍ മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കണം,’ ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: assam cheif himantha bishwa sharma on rahul gandhi