ഗുവാഹത്തി: ഇന്ധനവില അടിക്കടി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ‘പോംവഴി’ നിര്‍ദേശിച്ച് അസം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബബേഷ് കലിത. പെട്രോള്‍ വില 200 ലെത്തിയാല്‍ ഇരുചക്രവാഹനങ്ങളില്‍ മൂന്ന് പേരെ അനുവദിക്കണമെന്നാണ് ബബേഷ് പറയുന്നത്.
അസമിലെ മുന്‍ മന്ത്രി കൂടിയാണ് ബബേഷ്. വിലകൂടിയ കാറുകളില്‍ സഞ്ചരിക്കുന്നതിന് പകരം ജനങ്ങള്‍ ഇരുചക്രവാഹനങ്ങളെ ആശ്രയിക്കണമെന്നും അങ്ങനെയെങ്കില്‍ പെട്രോള്‍ ലാഭിക്കാനാവുമെന്നുമാണ് ബബേഷ് പറയുന്നത്.
‘പെട്രോള്‍ വില 200 ലെത്തിയാല്‍ മൂന്നാളുകളെ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കണം. വാഹനനിര്‍മാതാക്കള്‍ മൂന്ന് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന രീതിയില്‍ സീറ്റുകള്‍ ക്രമീകരിക്കണം,’ ബബേഷ് പറഞ്ഞു.
ഇക്കഴിഞ്ഞ ജൂണിലാണ് ബബേഷിനെ പാര്‍ട്ടി അധ്യക്ഷനാക്കിയത്. ബുധനാഴ്ചയും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു.
അതേസമയം രാജ്യത്ത് ഇന്ധനവില കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേതൃത്വത്തില്‍ ഇടപെടല്‍ നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ധനകാര്യമന്ത്രാലയവുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
കേന്ദ്ര-സംസ്ഥാന നികുതിയില്‍ നേരിയ കുറവ് വരുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്. അസംസ്‌കൃത എണ്ണവില കുറയ്ക്കുന്നത് സംബന്ധിച്ച് എണ്ണയുത്പാദക രാജ്യങ്ങളുമായും കേന്ദ്രം ചര്‍ച്ച നടത്തുന്നുണ്ട്.
ഇന്ധന വിലവര്‍ധനവ് വഴി കേന്ദ്രസര്‍ക്കാരിന് 88 ശതമാനം അധികവരുമാനമാണ് ലഭിക്കുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 3.35 ലക്ഷം കോടി രൂപയാണ് ഇന്ധനനികുതി വര്‍ധനവിലൂടെ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത്.