തനിക്ക് മോഹന്‍ലാല്‍ സിനിമകള്‍ ചെയ്യുന്ന രീതി ഇഷ്ടമാണെന്നും താന്‍ ഏറ്റവും കൂടുതല്‍ കണ്ട് ആസ്വദിച്ചിട്ടുള്ള മോഹന്‍ലാല്‍ സിനിമകള്‍ ഒരുപാടുണ്ടെന്നും പറയുകയാണ് നടന്‍ ആസിഫ് അലി. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടിക്കൊപ്പമുള്ള അനുഭവവും താരം പങ്കുവെക്കുന്നുണ്ട്.
‘എന്തുകൊണ്ടാണ് നമ്മള്‍ ലാല്‍ സാറിനെയും മമ്മൂക്കയേയും പറ്റി എപ്പോഴും സംസാരിക്കുന്നത്. അവരുടെ ഐഡന്റിറ്റിയാണ്. അവര്‍ അങ്ങനെയായത് കൊണ്ടാണ്.
എനിക്ക് ലാല്‍ സാര്‍ സിനിമകള്‍ ചെയ്യുന്ന രീതി ഇഷ്ടമാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ കണ്ട് ആസ്വദിച്ചിട്ടുള്ള മോഹന്‍ലാല്‍ സിനിമകള്‍ ഒരുപാടുണ്ട്.
സിബി സാറിന്റെ കൂടെ സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ ഓണ്‍ സ്‌ക്രീനെ പറ്റിയല്ല ഞാന്‍ ചോദിക്കുന്നത്. ഓഫ് സ്‌ക്രീനില്‍ ലാല്‍ സാര്‍ എങ്ങനെയാണ് എന്നാണ് എനിക്ക് അറിയേണ്ടത്.
ഒരു സീന്‍ എടുക്കുന്നതിന് മുമ്പ് ലാല്‍ സാര്‍ എന്താണ് ചെയ്തു കൊണ്ടിരുന്നതെന്നാണ് അറിയേണ്ടത്. കിരീടത്തില്‍ സേതുമാധവന്‍ ആ ഇരിപ്പ് ഇരിക്കുന്നത് അഭിനയിക്കുന്നതിന് മുമ്പ് ലാല്‍ സാര്‍ എന്താണ് ചെയ്തത് എന്നറിയണം.
ആരോടും സംസാരിക്കാതെ ഇരിക്കുകയായിരുന്നോ എന്നറിയണമായിരുന്നു. ഇവരെല്ലാവരും കസേരയിട്ട് റോഡില്‍ ഇരിക്കുമ്പോള്‍ ലാലേ ഷോര്‍ട്ട് റെഡി എന്ന് പറയും, ആ സമയം ലാല്‍ സാര്‍ ചെന്ന് ആ ഇരിപ്പ് ഇരിക്കുമെന്നാണ് സിബി സാര്‍ പറഞ്ഞത്.
സിബി സാര്‍ മോഹന്‍ലാലിനെ പറ്റി പറയുന്നത് എല്ലാവരും കേള്‍ക്കണം. ഒരു മലയാളി കേള്‍ക്കേണ്ട കാര്യങ്ങളാണ് അത്. നമ്മളുടെയൊക്കെ ഫേവറൈറ്റ് ലിസ്റ്റിലുള്ള പല സിനിമകളും അതിലെ സീനുകളും ലാല്‍ സാര്‍ ചെയ്തിരിക്കുന്നതിനെ പറ്റി സിബി സാര്‍ സംസാരിക്കുന്നത് കേള്‍ക്കണം. എല്ലാ നടന്മാര്‍ക്കും അത്രയും വലിയ പാഠങ്ങളാണ് അവയൊക്കെ,’ ആസിഫ് അലി പറയുന്നു.
അതേസമയം മമ്മൂട്ടി തന്നെ വഴക്ക് പറഞ്ഞ അനുഭവത്തെ കുറിച്ച് ആസിഫ് സംസാരിച്ചു. ജവാന്‍ ഓഫ് വെള്ളിമല എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് തന്റെ ഭാഗത്ത് നിന്ന് സംഭവിച്ച ഒരു തെറ്റിന് അദ്ദേഹം വലിയ രീതിയില്‍ തന്നോട് ദേഷ്യപ്പെട്ടുവെന്നും ഒരുപാട് വഴക്ക് പറഞ്ഞുവെന്നുമാണ് ആസിഫ് അലി പറയുന്നത്.
‘നമുക്ക് എല്ലാവര്‍ക്കും ഒരു വ്യക്തിത്വം വേണമല്ലോ. ഞാന്‍ കണ്ടതില്‍ അങ്ങനെ എല്ലാം കൃത്യമായി പ്രകടിപ്പിക്കുന്ന ഒരു നടന്‍ മമ്മൂക്കയാണ്. ജവാന്‍ ഓഫ് വെള്ളിമല എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് ഒരു ദിവസം മമ്മൂക്ക എന്നോട് ഭയങ്കരമായി ദേഷ്യപ്പെട്ടു.
എന്റെ തെറ്റ് ആയിരുന്നു അത്. സംഭവം എന്താണെന്ന് ഞാന്‍ പറയുന്നില്ല. അന്ന് വരെ എല്ലാ ദിവസവും. മമ്മൂക്കയുടെ കൂടെയാണ് ഞാന്‍ ആഹാരം കഴിക്കുന്നതും, വീട്ടില്‍ പോകുന്നതും ഒക്കെ. പക്ഷെ അത്രയും ഫ്രീഡം അദ്ദേഹം എനിക്ക് തന്നപ്പോള്‍ എന്റെ ഒരു അബദ്ധം കൊണ്ട് മമ്മൂക്ക എന്നെ നല്ല പോലെ ചീത്ത പറഞ്ഞു.
അന്ന് ഞാന്‍ മമ്മൂക്കയുടെ കൂടെ ആഹാരം കഴിക്കാന്‍ പോയില്ല, പിന്നീട് ഒരു മണിക്കൂറിന് ശേഷം ഇക്ക എന്റെ അടുത്ത് വന്നിട്ട്, എനിക്ക് നിന്നെ ചീത്ത പറയാന്‍ പാടില്ലേയെന്നും, ചീത്ത പറയാന്‍ എനിക്ക് അര്‍ഹത ഉണ്ടെന്നും അത് അവിടെ കഴിഞ്ഞുവെന്നും പറഞ്ഞു, ഇതിന്റെ പേരില്‍ ജീവിത കാലം മുഴുവന്‍ മിണ്ടാതെ ഇരിക്കാന്‍ ആണോ ഉദ്ദേശം എന്നും ചോദിച്ചു,’ ആസിഫ് പറഞ്ഞു.
Content Highlight: Asif Ali Talks About Mammootty And Mohanlal