Entertainment
ആ കഥാപാത്രത്തിലേക്ക് വിളിക്കുമ്പോൾ എന്നോട് അഭിനയിക്കാൻ ശ്രമിക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 15, 03:22 am
Monday, 15th July 2024, 8:52 am

ഒരു ദോശ ഉണ്ടാക്കിയ കഥ എന്ന ടാഗ് ലൈനിൽ ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ലാല്‍, ശ്വേത മേനോന്‍, ആസിഫ് അലി, മൈഥിലി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രമാണ് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍. ആ വർഷത്തെ സൂപ്പർ ഹിറ്റ്‌ ചിത്രമായ സോൾട്ട് ആൻഡ്‌ പെപ്പറിൽ മനു എന്ന കഥാപാത്രത്തെയായിരുന്നു ആസിഫ് അലി അവതരിപ്പിച്ചത്.

ചിത്രത്തിലെ ആസിഫ്‌ അലിയുടെ സീനുകൾ ഇന്നും പ്രേക്ഷകർ റിപ്പീറ്റ് അടിച്ച് കാണാറുണ്ട്. ചിത്രത്തിലേക്ക് വിളിക്കുമ്പോൾ തന്നോട് അഭിനയിക്കാൻ ശ്രമിക്കരുതെന്നാണ് സംവിധായകൻ ആഷിഖ് അബു പറഞ്ഞതെന്നും റിയൽ ലൈഫിൽ ഒരു പെൺകുട്ടിയെ എങ്ങനെയാണ് വളയ്ക്കാൻ ശ്രമിക്കുക, അതുപോലെയാണ് ചിത്രം ഷൂട്ട്‌ ചെയ്തതെന്നും ആസിഫ് അലി പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.

‘സോൾട്ട് ആൻഡ്‌ പെപ്പറിലെ ആ ക്യാരക്റ്ററിലേക്ക് എന്നെ വിളിക്കുമ്പോൾ തന്നെ എന്നോട് ആഷിഖ് ഇക്ക പറഞ്ഞത്, നീ അഭിനയിക്കാൻ ശ്രമിക്കരുത് എന്നായിരുന്നു. കാരണം നിങ്ങളുടെ ഒരു എവരിഡേ ലൈഫിലെ പരിപാടികൾ തന്നെയാണ് സിനിമ മുഴുവൻ ഉള്ളതെന്നും ഇക്ക പറഞ്ഞു.

അങ്ങനെ തന്നെയായിരുന്നു ആ കഥാപാത്രവും എനിക്ക് കിട്ടിയ നരേഷനും. ആ ഒരു സീനും അങ്ങനെ തന്നെയാണ്. അത് ചെയ്ത് നോക്കി. കൃത്യമായ ഒരു ഐഡിയ ആഷിഖ് ഇക്കക്കുണ്ടായിരുന്നു. അതിനെ കൃത്യമായി തന്നെ പ്ലേസ് ചെയ്തു.

ഞാൻ എങ്ങനെയാണ് ആ സമയത്ത് ഒരു കുട്ടിയെ വളയ്ക്കാൻ നോക്കുക അങ്ങനെ തന്നെയായിരുന്നു ഞങ്ങൾ ആ സീൻ ഷൂട്ട്‌ ചെയ്തത്,’ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Talk About Salt And Pepper Movie