Entertainment
കരിയറില്‍ ഞാന്‍ ഏറ്റവും പേടിയോടെ അനുസരിച്ചിട്ടുള്ള സംവിധായകരാണ് അവര്‍: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 05, 05:32 pm
Wednesday, 5th March 2025, 11:02 pm

ഹാസ്യ താരമായി സിനിമയിലെത്തി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുള്ള നടനാണ് ജഗദീഷ്. 1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവനടനായും മികച്ച സിനിമകളുടെ ഭാഗമാകുന്ന ജഗദീഷിനെയാണ് കഴിഞ്ഞ കുറച്ചുകാലമായി കാണാന്‍ സാധിക്കുന്നത്.

തന്റെ ഏറ്റവും പുതിയ ചിത്രമായ പരിവാറിനെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. വളരെ മികച്ച കഥയാണ് ചിത്രത്തിന്റേതെന്നും ഹാസ്യത്തിനുപരി മറ്റ് ചില പ്രധാ കാര്യങ്ങള്‍ കൂടി ചിത്രം സംസാരിക്കുന്നുണ്ടെന്ന് ജഗദീഷ് പറഞ്ഞു. ചിത്രത്തിന്റെ സംവിധായകരായ ഉത്സവ് രാജീവും ഫഹദ് നന്ദുവും വളരെ നല്ല വിഷനുള്ള ആളുകളാണെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

ഒരുദിവസം താന്‍ സെറ്റില്‍ ചെന്നപ്പോള്‍ കഴിഞ്ഞദിവസം എടുത്ത തന്റെ ഷോട്ടില്‍ അവര്‍ തൃപ്തിയായില്ലെന്ന് പറഞ്ഞെന്നും വീണ്ടും എടുക്കാമെന്ന് ആവശ്യപ്പെട്ടെന്നും ജഗദീഷ് പറഞ്ഞു. അവരുടെ വിഷനില്‍ വെള്ളം ചേര്‍ക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ താന്‍ വീണ്ടും ആ സീന്‍ ചെയ്‌തെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. അങ്ങനെ ചെയ്തില്ലെങ്കില്‍ ആരുടെയും ചിന്തയിലുള്ള സിനിമയല്ലാതായി ഈ പ്രൊജക്ട് മാറുമെന്നും ജഗദീഷ് പറഞ്ഞു.

താന്‍ ഇത്രയും അനുസരണയോടെ നിന്ന മറ്റൊരു സെറ്റില്ലെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. തനിക്ക് ആ സംവിധായകരോട് പേടിയായിരുന്നെന്നും തന്നില്‍ നിന്ന് വേണ്ടത് കിട്ടാതെ അവര്‍ വിടില്ലായിരുന്നെന്നും ജഗദീഷ് പറഞ്ഞു. തന്നെ അവര്‍ ശാസിക്കുക വരെ ചെയ്‌തെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘ഈ പടത്തില്‍ എന്റെ സീന്‍ എടുത്തിട്ട് അടുത്തദിവസം റീടേക്ക് എടുക്കേണ്ടി വന്നിട്ടുണ്ട്. രാവിലെ ഞാന്‍ സെറ്റിലെത്തിയപ്പോള്‍ രണ്ട് പേരും എന്റെയടുത്തേക്ക് വന്നിട്ട് ‘ചേട്ടന്റെ ഇന്നലത്തെ സീന്‍ ശരിയായില്ല, ഒന്നുകൂടെ എടുക്കണം’ എന്ന് പറഞ്ഞു. ഞാന്‍ അത് ചെയ്തു. അവരുടെ വിഷന്‍ എന്താണോ, അതിന്റെ കൂടെ ഞാന്‍ നിന്നു.

അല്ലാതെ ചെയ്താല്‍ അത് അവരുടെ സിനിമയാകില്ല, നമ്മുടെയുമാകില്ല. അങ്ങനെ, ആരുടെയും സിനിമയാകാതെ നില്‍ക്കുന്നതിനെക്കാള്‍ നല്ലത് അവരുടെ ചിന്തയുടെ കൂടെ നില്‍ക്കുന്നതാണ്. എന്റെ കരിയറില്‍ ഞാനിത്രയും അനുസരണയോടെ നിന്ന സെറ്റ് വേറെയില്ല. എനിക്ക് അവരെ പേടിയായിരുന്നു. അവര്‍ക്ക് വേണ്ടത് കിട്ടിയാലേ എന്നെ വിടുമായിരുന്നുള്ളൂ. എന്നെ ശാസിച്ചിട്ടുണ്ട് അവര്‍,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadeesh about the directors of Pariwar movie