Champions Trophy
ശരാശരി 153.00ലേക്ക്; നിന്റെ കരിയറിലെ ഏറ്റവും ബെസ്റ്റ് അടിയായിരുന്നെടാ... നോവായി കില്ലര്‍ മില്ലര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 05, 05:28 pm
Wednesday, 5th March 2025, 10:58 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ന്യൂസിലാന്‍ഡ് ഫൈനലിന് ടിക്കറ്റെടുത്തിരിക്കുകയാണ്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 50 റണ്‍സിന്റെ വിജയമാണ് കിവീസ് നേടിയത്.

ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 363 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 312 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു.

തോല്‍വിയുറപ്പിച്ച ശേഷവും സൂപ്പര്‍ താരം ഡേവിഡ് മില്ലറിന്റെ കരുത്തില്‍ സൗത്ത് ആഫ്രിക്ക പരാജയപ്പെടാന്‍ ഒരുക്കമല്ലാതെ പൊരുതി നില്‍ക്കുകയായിരുന്നു. ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് നങ്കൂരമിട്ടുനിന്ന മില്ലര്‍ അവസാന പന്ത് വരെ ക്രീസില്‍ നിലയുറപ്പിച്ചു.

45.3 ഓവറില്‍, ടീം സ്‌കോര്‍ 256ല്‍ നില്‍ക്കവെ ഒമ്പതാം വിക്കറ്റായി കഗീസോ റബാദയെ മടക്കിയ കിവീസ് വിജയാഘോഷം തുടങ്ങിയിരുന്നു. എന്നാല്‍ മില്ലറിന്റെ നൂറ്റാണ്ടിന്റെ ചെറുത്തുനില്‍പ്പിനാണ് ശേഷം ലാഹോര്‍ സാക്ഷ്യം വഹിച്ചത്.

അവസാന വിക്കറ്റായി ക്രീസിലെത്തിയ ലുങ്കി എന്‍ഗിഡിയെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിര്‍ത്തി മില്ലര്‍ സ്‌കോര്‍ ഉയര്‍ത്തി. ഫോറും സിക്‌സറുകളുമായി നേരിട്ട എല്ലാ പന്തിലും താരം സ്‌കോര്‍ ചെയ്തുകൊണ്ടേയിരുന്നു.

46ാം ഓവറിലെ നാലാം പന്തില്‍ ക്രീസിലെത്തിയ എന്‍ഗിഡിക്ക് രണ്ട് പന്ത് മാത്രമേ നേരിടേണ്ടി വന്നിരുന്നുള്ളൂ. ശേഷിച്ച എല്ലാ പന്തും കളിച്ച് 256/9 എന്ന നിലയില്‍ നിന്നും സൗത്ത് ആഫ്രിക്കയെ 312/9 എന്ന നിലയിലേക്കാണ് മില്ലറെത്തിച്ചത്.

ഇന്നിങ്‌സിലെ അവസാന പന്തില്‍ ഡബിള്‍ ഓടി മില്ലര്‍ തന്റെ സെഞ്ച്വറിയും പൂര്‍ത്തിയാക്കി.

ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും മില്ലര്‍ സ്വന്തമാക്കിയിരുന്നു. ഐ.സി.സി നോക്ക് ഔട്ട് മത്സരങ്ങളില്‍ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.

ഐ.സി.സി ഏകദിന നോക്ക് ഔട്ടുകളിലെ ഏറ്റവും മികച്ച ബാറ്റിങ് ശരാശരി (ചുരുങ്ങിയത് 300 റണ്‍സ്)

(താരം – ടീം – ശരാശരി എന്നീ ക്രമത്തില്‍)

ഡേവിഡ് മില്ലര്‍ – സൗത്ത് ആഫ്രിക്ക – 153.00

സയ്യിദ് അന്‍വര്‍ – പാകിസ്ഥാന്‍ – 128.33

സൗരവ് ഗാംഗുലി – ഇന്ത്യ – 85.66

ഷെയ്ന്‍ വാട്‌സണ്‍ – ഓസ്‌ട്രേലിയ – 85.40

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് യുവതാരം രചിന്‍ രവീന്ദ്രയുടെയും മുന്‍ നായകന്‍ കെയ്ന്‍ വില്യംസണിന്റെയും സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. രചിന്‍ രവീന്ദ്ര 101 പന്തില്‍ 108 റണ്‍സ് നേടിയപ്പോള്‍ 94 പന്തില്‍ 102 റണ്‍സ് നേടിയാണ് വില്യംസണ്‍ പുറത്തായത്.

49 റണ്‍സ് വീതം നേടിയ ഗ്ലെന്‍ ഫിലിപ്‌സിന്റെയും ഡാരില്‍ മിച്ചലിന്റെയും പ്രകടനങ്ങളും ന്യൂസിലാന്‍ഡ് നിരയില്‍ കരുത്തായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 362 എന്ന നിലയില്‍ ടീം ഇന്നിങ്‌സ് അവസാനിപ്പിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസിന് 20 റണ്‍സിനിടെ റിയാന്‍ റിക്കല്‍ടണെ (12 പന്തില്‍ 17) നഷ്ടമായെങ്കിലും വണ്‍ ഡൗണായെത്തിയ റാസി വാന്‍ ഡെര്‍ ഡസനെ ഒപ്പം കൂട്ടി ക്യാപ്റ്റന്‍ തെംബ ബാവുമ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും സൗത്ത് ആഫ്രിക്കയെ മത്സരത്തിലേക്ക് കൊണ്ടുവന്നത്.

23ാം ഓവറിലെ രണ്ടാം പന്തില്‍, ടീം സ്‌കോര്‍ 125ല്‍ നില്‍ക്കവെ ബാവുമയെ പുറത്താക്കി മിച്ചല്‍ സാന്റ്‌നര്‍ കൂട്ടുകെട്ട് പൊളിച്ചു. 71 പന്തില്‍ 56 റണ്‍സാണ് താരം സ്വന്തമാക്കിയത്.

പിന്നാലെയെത്തിയ ഏയ്ഡന്‍ മര്‍ക്രമിനെ ഒപ്പം കൂട്ടി വാന്‍ ഡെര്‍ ഡസന്‍ സ്‌കോര്‍ ബോര്‍ഡിന് വേഗം നഷ്ടപ്പെടാതെ കാത്തു. എന്നാല്‍ 161ല്‍ നില്‍ക്കവെ 66 പന്തില്‍ 69 റണ്‍സ് നേടിയ വാന്‍ ഡെര്‍ ഡസനും 189ല്‍ നില്‍ക്കവെ 31 റണ്‍സടിച്ച മര്‍ക്രവും പുറത്തായതോടെ സൗത്ത് ആഫ്രിക്കയുടെ പതനം ആരംഭിച്ചു. ഇതിനിടെ ഹെന്‌റിക് ക്ലാസനെയും (ഏഴ് പന്തില്‍ മൂന്ന്) ടീമിന് നഷ്ടമായി.

വിയാന്‍ മുള്‍ഡര്‍ (13 പന്തില്‍ എട്ട്), മാര്‍കോ യാന്‍സെന്‍ (ഏഴ് പന്തില്‍ മൂന്ന്), കേശവ് മഹാരാജ് (നാല് പന്തില്‍ ഒന്ന്) എന്നിവരും മടങ്ങി.

ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ഡേവിഡ് മില്ലര്‍ പ്രതീക്ഷ കൈവിടാതെ ബാറ്റ് വീശിക്കൊണ്ടിരുന്നു. പ്രോട്ടിയാസിനെ സംബന്ധിച്ച് മുങ്ങിത്താഴുന്നവന്റെ കയ്യില്‍ കിട്ടിയ കച്ചിത്തുരുമ്പായിരുന്നു മില്ലറിന്റെ പ്രകടനം. നേരിടുന്ന പന്തിലെല്ലാം റണ്‍സ് കണ്ടെത്തിയ മില്ലര്‍ സെഞ്ച്വറിയുമായി പൊരുതിയെങ്കിലും സമയം ഏറെ വൈകിയിരുന്നു.

 

Content Highlight: ICC Champions Trophy 2025: Semi Final: SA vs NZ: David Miller tops the list of highest average in ICC ODI Knockouts