കൊച്ചി: യുവനടന്‍മാരുടെ നിരയില്‍ ചെറിയ സമയം കൊണ്ട് തന്നെ തന്റേതായ ആരാധകരെ സൃഷ്ടിച്ച നടനാണ് ബാലു വര്‍ഗ്ഗീസ്. ആസിഫ് അലി-ബാലു വര്‍ഗ്ഗീസ് കോമ്പിനേഷനും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.
സിനിമയ്ക്ക് പുറത്ത് തങ്ങള്‍ രണ്ടാളും നല്ല സുഹൃത്തുക്കളാണെന്ന് പറയുകയാണ് ബാലു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ബാലു മനസ്സുതുറന്നത്.
‘സിനിമയില്‍ വെച്ച് പരിചയപ്പെട്ട ബന്ധമാണ് ആസിഫുമായിട്ടുള്ളത്. ആ ബന്ധം ഇപ്പോള്‍ വളരെയധികം വളര്‍ന്നു. സുഹൃത്തുക്കള്‍ എന്നതിലുപരി ചേട്ടനെയും അനിയനെയും പോലെയാണ് ഇപ്പോള്‍.
വളരെ നല്ലൊരു ബന്ധമാണ്. ഞാന്‍ ഇടയ്ക്ക് മച്ചാന്‍ എന്ന വാക്ക് കൂടുതലായി ഉപയോഗിക്കും. ആ വാക്കിന് കൂടുതല്‍ അര്‍ത്ഥങ്ങള്‍ കണ്ടുപിടിച്ചു തന്ന ആളാണ് ആസിഫ്. ചില സമയത്ത് എന്റെ അപ്പച്ചനെ പോലെ പെരുമാറും. ചിലപ്പോള്‍ എന്റെ അനിയനെപ്പോലെയും. അതൊരു രസമുള്ള ബന്ധമാണ്,’ ബാലു പറഞ്ഞു.
ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ചാന്ത് പൊട്ട് ‘ എന്ന ചിത്രത്തില്‍ ഇന്ദ്രജിത്തിന്റെ ബാല്യം അവതരിപ്പിച്ചുകൊണ്ടാണ് ബാലു വര്‍ഗ്ഗീസ് മലയാള സിനിമയിലേക്ക് കടന്നുവന്നത്.
പിന്നീട്, പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്ത അവതരിപ്പിച്ച തലപ്പാവ് എന്ന ചിത്രത്തില്‍ ലാലിന്റെ ബാല്യവും ബാലു ചെയ്തിരുന്നു. ആസിഫ്-ഭാവന എന്നിവര്‍ അണിനിരന്ന ‘ഹണീബി’എന്ന ചിത്രത്തിലൂടെയാണ് ബാലുവര്‍ഗ്ഗീസ് പ്രേക്ഷക ശ്രദ്ധനേടുന്നത്.
ഹണീബിക്ക് ശേഷം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ബാലു ചങ്ക്‌സ്’ എന്ന ചിത്രത്തിലൂടെ നായകനായെത്തി മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു. ഈയടുത്തിടെ പുറത്തിറങ്ങിയ ചിത്രമായ ഓപ്പറേഷന്‍ ജാവയിലെ ബാലു വര്‍ഗീസ് ചെയ്ത നായക കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.